പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിനുള്ളിൽ ഉപരോധിച്ചു. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് പട്ടികജാതി ക്ഷേമ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ തയ്യൽ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും പഞ്ചായത്ത് കെട്ടിടത്തിലെ ഒരു മുറിയിൽ പൂട്ടിയിട്ട നിലയിലായതിനെതിരെയാണ് ഉപരോധം നടന്നത്. ലക്ഷങ്ങൾ വില മതിക്കുന്ന തയ്യൽ മെഷിനുകൾ നശിക്കുന്നതിനെ തുടർന്ന് ധാരാളം പരാതികൾ ഉയർന്നെങ്കിലും ഭരണ സമിതികൾ അർഹതപ്പെട്ടവർക്ക് നൽകാനുള്ള ഒരു നീക്കവും നാളിതുവരെയായി നടത്തിയിട്ടില്ല. മുപ്പത്തിയഞ്ചോളം തയ്യൽ മെഷീനുകളും, ഇന്റർലോക്ക് മെഷീനുകളും, മേശ, കസേര തുടങ്ങിയവയുമാണ് തൊഴിൽ സാദ്ധ്യത മുൻനിറുത്തി പഞ്ചായത്ത് വാങ്ങിക്കൂട്ടിയത്. 13 തയ്യൽ മെഷിനുകളും കസേരയും മേശയും മറ്റും നശിച്ച അവസ്ഥയിൽ കണ്ടെടുത്തു. കണ്ടെടുത്ത ഈ ഉപകരണങ്ങൾ കുടുംബശ്രീക്ക് കൈമാറാൻ തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു. എന്നാൽ ഈ സാധനങ്ങളുടെ എണ്ണത്തെ കുറിച്ചോ അനുവദിച്ചു നൽകിയ തുകയെ കുറിച്ചോ നിലവിൽ പഞ്ചായത്തിൽ യാതൊരു രേഖകളും ലഭ്യമല്ല എന്നും സെക്രട്ടറി അറിയിച്ചു. ഉപരോധ സമരത്തിന്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്റ്റ് മണ്ഡലം പ്രസിഡന്റ് വി.രാജ് കുമാർ, ബി.എൽ.കൃഷ്ണപ്രസാദ്, പൊട്ടൻച്ചിറ ശ്രീകുമാർ, ചന്ദ്രശേഖരപിള്ള, അരുൺ രാജൻ, പി.രാജിവൻ, ആലുംകുഴി ചന്ദ്ര മോഹനൻ, ബി.സുശീലൻ, കനാവിൽ ഷിബു, ഉഷാ വിജയൻ, എം.എസ് ചന്ദ്രൻ, പേരയം സിഗ്നി, ദീപാ ജോസ്, ഡി.എസ്.വിജയൻ, സുനിൽകുമാർ ചോനൻ വിള, സി.പി.വിനോദ്, പേയ്ക്കമൂലമോഹനൻ, അനസ് ഖാൻ, സജിത നാഷിദ്, പ്രമോദ് സാമുവൽ, അഭിജിത്ത്, സജിൻ, എന്നിവർ നേതൃത്വം നൽകി.