വിതുര: ബോണക്കാട് - വിതുര റോഡ് ടൂറിസ്റ്റുകളുടെ പ്രധാന സഞ്ചാര പായാണ്. എന്നാൽ ഈ റോഡ് ഇപ്പോൾ അപകടങ്ങളുടെ പ്രധാന കേന്ദ്രം കൂടി ആകുകയാണ്. വാഹനങ്ങളുടെ അമിത വേഗതയും റോഡിന്റെ ശോചനീയാവസ്ഥയും അശ്രദ്ധയും അപകടങ്ങളുടെ ആക്കം കൂട്ടുകയാണ്. എന്നാൽ അപകടങ്ങൾ പതിവായിട്ടും അത് തടയേണ്ട അധികൃതർ മൗനം പാലിക്കുകയാണെന്നും പരാതിയുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ അമിതവേഗത്തിൽ പായുന്നത് ഈ റോഡിലെ പ്രധാന കാഴ്ചയാണ്. റോഡി വശത്തുകൂടി പോകുന്ന കാൽനട യാത്രക്കാർക പോലും പൊറുതിമുട്ടിയാണ് ഇതുവഴി സഞ്ചാരം. റോഡിലേക്ക് കാല് കുത്താൻ പോലും കഴിയാത്ത അവസ്ഥ. കാൽനട യാത്രക്കാർ ഉൾപ്പടെ നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെടുന്നത്. ഇത്രയും അപകടകരമായ വീഥിയായിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. നിലവിൽ റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ഗട്ടറുകൾ നിറഞ്ഞുകിടക്കുന്ന റോഡിന്റെ മിക്ക ഭാഗവും മഴക്കാലത്ത് തടാകമായി മാറും. അപകടപെരുമഴ തന്നെ അരങ്ങേറിയിട്ടും ബന്ധപ്പെട്ടവർ റോഡിൽ സുരക്ഷാനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ബോണക്കാട് വിതുര റൂട്ടിൽ ജഴ്സിഫാമിലാണ് കേന്ദ്രസർക്കാരിന്റെ ഉന്നതപഠനഗവേഷണകേന്ദ്രമായ എെസർ കാമ്പസ് പ്രവർത്തിക്കുന്നത്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. അമിതവേഗത വിദ്യാർത്ഥികളെയും മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല പാൽഉത്പാദനകേന്ദ്രമായ ജഴ്സിഫാമും ഇൗ റൂട്ടിലാണ് പ്രവർത്തിക്കുന്നത്. ധാരാളം പേർ പാൽ വാങ്ങുവാനും മറ്റും നിത്യേന ജഴ്സിഫാമിൽ എത്തുന്നുണ്ട്.
പൊൻമുടിയിൽ എത്തുന്ന വിനോദസഞ്ചാരികൾ ബോണക്കാട്, ചാത്തൻകോട്, വായുവാൻതോൽ വെള്ളചാട്ടം എന്നിവിടങ്ങൾ സന്ദർശിക്കുവാൻ എത്താറുണ്ട്. അമിതവേഗതയും അപകടങ്ങളും റോഡിന്റെ ശോചനീയാവസ്ഥയും ടൂറിസ്റ്റ് സംഘങ്ങൾക്കും തലവേദന സൃഷ്ടിക്കുകയാണ്.
ടൂറിസം മേഖലകളിൽ കഞ്ചാവ് വില്പന നടത്തുവാൻ അനവധി സംഘങ്ങൾ ബൈക്കുകളിൽ എത്തുന്നുണ്ട്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഇത്തരം സംഘങ്ങളും ഇരുചക്രവാഹനങ്ങളിൽ ചീറിപ്പായുകയാണ്. ഇക്കൂട്ടർ കാൽനടയാത്രകരായ അനവധി പേരെ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവവുമുണ്ട്.