ആറ്റിങ്ങൽ: ഹരിതകേരള മിഷന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ പട്ടണത്തിലെ അഞ്ച് കുളങ്ങൾ പുനർ നിർമ്മിച്ച് മത്സ്യ സമൃദ്ധി പദ്ധതിക്ക് തുടക്കമിട്ടു. രണ്ട് കുളങ്ങൾ നിർമ്മാണ ഘട്ടത്തിലാണെന്ന് ചെയർമാൻ പറഞ്ഞു. അരക്കോടി രൂപയാണ് നഗരസഭ ഈ പദ്ധതിക്ക് വേണ്ടി ചെലവിടുന്നത്. വേലാംകോണം കുളം, തോട്ടവാരം കുളം, പണ്ടാരക്കുളം, നടുവത്ത് കുളം, മീമ്പാട്ട് കുളം എന്നിവയാണ് പുനർനിർമ്മിച്ചത്. പാലൈ കുളം ഇരുമ്പ് വേലി നിർമ്മിച്ച് സംരക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഒരു വർഷം മുമ്പ് നവീകരിച്ച ഹരിശ്രീ കുളം ഈ മാസം 14 ന് ജനകീയ സഹകരണത്തോടെ വീണ്ടും ശുചീകരിക്കും.
കുളങ്ങളും, തോടുകളും, കാവുകളും സംരക്ഷിച്ച് പച്ചപ്പ് നിലനിറുത്തുക, കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുക, ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ പദ്ധതിയിലൂടെ നഗരസഭ നടപ്പാക്കുന്നത്. പുനർ നിർമ്മിച്ച കുളങ്ങൾ ജനകീയ കൂട്ടായ്മയോടെ സംരക്ഷിക്കും. ആവശ്യമായ സംരക്ഷണം ലഭിക്കാതെ അവശേഷിക്കുന്ന കുളങ്ങളും സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിയതായി ചെയർമാൻ എം. പ്രദീപ് പറഞ്ഞു