v

കടയ്ക്കാവൂർ: അവഗണനയിൽ കിടക്കുന്ന തീരദേശ റോഡിന് ഇനിയെങ്കിലും ശാപമോക്ഷം ലഭിക്കുമോ എന്നാണ് തീരദേശവാസികളുടെ ചോദ്യം. വർക്കല, കായിക്ക,അഞ്ചുതെങ്ങ് മുതലപ്പൊഴി, പെരുമാതുറ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന തീരദേശ റോഡാണിത്. ആശാൻ സ്മാരകം, തൂക്ക് പാലം, അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, മുതലപ്പൊഴി എന്നിവ കണ്ട് ആസ്വദിച്ചു പോകാം എന്നുള്ളതിനാൽ സഞ്ചാരികൾ ഏറെ ആശ്രയിക്കുന്നു.

ട്രാഫിക്ക് ബ്ളോക്കുകൾ ഇല്ലാത്തതിനാൽ വളരെവേഗം എയർപോർട്ടിലും തലസ്ഥാന നഗരിയിലും എത്താം എന്നതും ശ്രദ്ധേയമാണ്.

ഇതോടെ നാഷണൽ ഹൈവേയിലൂടെയുളള വാഹനത്തിരക്കും കുറയും. വർക്കല, വെട്ടൂർ, മേൽവെട്ടൂർ, നെടുങ്ങണ്ട, കായിക്കര , അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, വക്കം, ചെറുന്നിയൂർ, പാലാംകോണം, മണനാക്ക്, ചിറയിൻകീഴ്, പെരുമാതുറ, എന്നീ ഭാഗങ്ങളിലെ ജനങ്ങൾക്ക് വളരെ അനുഗ്രഹമാണ് ഇൗറോഡ്.

തൊട്ടടുത്ത വർക്കല മണ്ഡലത്തിൽ റോഡ് നവീകരണത്തിൻെറ ഭാഗമായി അഞ്ചുതെങ്ങ് പഞ്ചായത്തിലെ നെടുങ്ങണ്ട ദൈവത്തും വാതുക്കൽ വരെ റോഡ് നവീകരിച്ചു.കടയ്ക്കാവൂർ പഞ്ചായത്തിലെ റോഡുകൾ അറ്റകുറ്റ പണി നടത്തി. ഏറ്റവും പ്രധാനപ്പെട്ട തീരദേശ റോഡിൽ മാത്രം നാളിതുവരെ ‌ഒരുപണിയും നടത്തിയിട്ടില്ല എന്നാണ് തീരദേശ വാസികളുടെ പരാതി

വർഷങ്ങളായി ഈ ഭാഗത്തെ റോഡുകൾ തകർന്ന് കിടക്കുകയാണ്. അഞ്ചുതെങ്ങ് വർക്കല റൂട്ടിൽ ഗുരു മന്ദിരം, മുസ്ലിം പള്ളിക്ക് സമീപം, മണ്ണാകുളം, പോളക്കൽ തുടങ്ങിയ ഭാഗത്ത്‌ മഴ പെയ്താൽ വലിയ വെള്ള ക്കെട്ടുകൾ രൂപപ്പെടും. ഏറെ ഗുരുതരം പോളക്കൽ ഭാഗത്ത് ആണ്. നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. താഴം പള്ളി,​ കൊച്ചു മേത്തൻ കടവ്, വേലിമുക്ക്, പുത്തുറ തുടങ്ങിയ ഭാഗത്ത് റോഡില്ലാത്ത അവസ്ഥയാണ്. പൊതുമരാമത്ത് അധികാരികളോട് പരാതി പറയുമ്പോൾ നാളുകളായി ഈ മാസം തീർക്കും എന്ന മറുപടിയാണ് കിട്ടുന്നത്.

കഴിഞ്ഞദിവസം കൊച്ചിയിൽ സംഭവിച്ചത് പോലുളള അപകടങ്ങൾ ഉണ്ടാകുന്നതിന് മുന്നേ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണം

- ഷെറിൻ ജോൺ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡൻറ്.