niyamasabha
niyamasabha

തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ജനുവരി പകുതിയോടെ ആരംഭിക്കാൻ ആലോചന. ഫെബ്രുവരി ഏഴിന് ബഡ്ജറ്റ് അവതരിപ്പിക്കും.

ഗവർണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം ആരംഭിക്കും..ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ്.സാധാരണ, വെള്ളിയാഴ്ചയാണ് നയപ്രഖ്യാപനമെങ്കിലും ,ജനുവരി 17 മുതൽ 19വരെ തിരുവനന്തപുരത്ത് സി.പി.എം കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നതിനാൽ 15 ന് ബുധനാഴ്ച നയപ്രഖ്യാപനം നടത്തി 16 ഉം 17 ഉം അവധി നൽകാനാണ് ആലോചന. .20 മുതൽ 22 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി മൂന്നിന് കേന്ദ്ര ബഡ്ജറ്റ് വരുന്നതിനാൽ ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശമനുസരിച്ചാണ് സംസ്ഥാന ബഡ്ജറ്റ് ഏഴിലേക്ക് മാറ്റുന്നത്. തുടർന്ന് മൂന്നു ദിവസം ബഡ്ജറ്റ് ചർച്ച നടക്കും. വോട്ട് ഓൺ അക്കൗണ്ട് പാസ്സാക്കി അനിശ്ചിതകാലത്തേക്ക് പിരിയണോ, മാർച്ച് 31നകം സമ്പൂർണ ബഡ്ജറ്റ് പാസാക്കണോ എന്നതിൽ തീരുമാനം പിന്നീടെടുക്കും. സമ്പൂർണ ബഡ്ജറ്റ് പാസ്സാക്കണമെങ്കിൽ ചെറിയ ഇടവേള നൽകി ഉടനേ വീണ്ടും സമ്മേളിക്കണം.

ലോക കേരളസഭ

പ്രവാസി മലയാളി പ്രതിനിധികൾ അടങ്ങിയ ലോക കേരളസഭ ജനുവരി ഒന്ന് മുതൽ മൂന്ന് വരെ നിയമസഭയിലും പുറത്തുമായി നടക്കും. ഇതിനായി നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാൾ പൊളിച്ച് 16.5 കോടി രൂപ ചെലവിൽ പുനർനിർമ്മിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.