ഒരു ഞാവൽമരത്തിൽ നിറയെ പഴുത്തു കിടക്കുന്ന പഴങ്ങൾ കണ്ടിട്ട് ഒരു കുട്ടി ഓടി വന്നു. കൊതിയോടെ പഴങ്ങളിലേക്ക് പലവട്ടം നോക്കിനിന്നു. അതിൽ നിന്ന് ഒരു കായപോലും അവനു കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മുതിർന്ന കുട്ടി ആ വഴി വന്നു. അവനും പഴുത്തുകിടക്കുന്ന ഞാവൽപ്പഴങ്ങൾ കണ്ടപ്പോൾ നാവിൽ വെള്ളമൂറി. അവൻ മരത്തിലേക്ക് വലിഞ്ഞു കയറി ഒരു കുല പഴം അടർത്തിയെടുത്ത് തിരികെപ്പോയി. ഒന്നുപോലും അവിടെ നിന്ന കുട്ടിക്കു കൊടുത്തില്ല. അവന് സങ്കടം വന്നു. അവൻ മരത്തിനു ചുവട്ടിൽത്തന്നെ ഇരിപ്പായി.
കുറച്ചു കഴിഞ്ഞപ്പോൾ മരത്തിനു മുകളിൽ നിന്നുമൊരു മധുരമായ കൂജനം കേട്ടു. അവൻ മുകളിലേക്ക് നോക്കി. ഒരു കുയിൽ നിറയെ പഴങ്ങളുള്ള ഒരു ചില്ലയിലിരിക്കുന്നതു കണ്ടു. കൊതിയോടെ അവൻ താഴെ നിന്നു, കുയിലിനെ നോക്കി കൈനീട്ടി. കുയിൽ ഒരു കുലയിൽ നിന്നും പഴങ്ങൾ കൊത്തിത്തിന്നുന്നതിനിടെ രണ്ടുമൂന്നു പഴങ്ങൾ താഴേക്ക് അടർന്നു വീണു. അവൻ വലിയ സന്തോഷത്തോടെ ഓടിച്ചെന്ന് പഴങ്ങൾ പെറുക്കി വായിലിട്ട് നുണഞ്ഞു. വീണ്ടും കുയിൽ കൊത്തുന്നതിനിടയിൽ തുരുതുരാ പഴങ്ങൾ അടർന്നുവീണു. അവൻ അതെല്ലാമെടുത്തു വീട്ടിലേക്കോടി തന്റെ കുഞ്ഞനുജത്തിയുമായി പങ്കുവെച്ചു കഴിച്ചു. പിറ്റേന്നും ഞാവൽ മരത്തിനു ചുവട്ടിലെത്തി കാത്തുനിന്നു. അപ്പോഴും ഒരു കുയിൽ വന്നു. അവന് പഴം കിട്ടി. ആ പഴങ്ങൾ തനിക്ക് മരത്തിൽ നിന്നും ഇട്ടുതന്നത് ആ കുയിലാണെന്ന് അവൻ വിശ്വസിച്ചു. വളർന്നപ്പോൾ അവനൊരു പക്ഷിസ്നേഹിയായി മാറി. വീട്ടിലുള്ള ധാന്യങ്ങൾ അവൻ പക്ഷികൾക്കു കൂടി പങ്കിട്ട് കൊടുത്തു.
ഇത്രയും പറഞ്ഞത് പ്രകൃതി ഓരോന്നിനെയും ഏതെല്ലാം വിധമാണു ഇണക്കിയെടുക്കുന്നതെന്നും ആ ഇണക്കിയെടുക്കലിനു പിന്നിലുള്ള പ്രകൃതിതത്വം എന്തെന്നും അറിയാനും അറിയിക്കാനും വേണ്ടിയാണ്. ഈ പ്രകൃതിയിൽ യാതൊന്നും അതിനായി വേണ്ടിമാത്രം പിറവികൊള്ളുന്നതല്ലെന്ന് അർത്ഥം. എന്നു പറഞ്ഞാൽ ഒന്നു മറ്റൊന്നിനു വേണ്ടി, അതു വേറൊന്നിനു വേണ്ടി, ഇങ്ങനെ ഓരോന്നും ഓരോവിധത്തിൽ എല്ലാത്തിനുമായി പങ്കുവയ്ക്കപ്പെടുന്നു. ഇതാണ് പ്രകൃതിക്രമം. എന്നാൽ ഈ ക്രമത്തിനു വിരുദ്ധമായി നിലകൊള്ളുന്നത് പലപ്പോഴും മനുഷ്യനാണെന്നു കാണാൻ പ്രയാസമില്ല. അവനെപ്പോഴും തന്റെ അദ്ധ്വാനഫലം സ്വന്തം സമ്പത്താണെന്നു കരുതിയാണു ജീവിക്കുന്നത്. അതുകൊണ്ടാണു അദ്ധ്വാനഫലം മറ്റുള്ളവരുമായി പങ്കിടാൻ വിമുഖനാകുന്നത്. തന്റെ അദ്ധ്വാനത്തിനും അതിന്റെ ഫലത്തിനും പിന്നിൽ പ്രകൃതിയുടെ കൂടിച്ചേരലുണ്ടെന്ന നേരിനെ അവൻ വിസ്മരിക്കുന്നതാണു ഇതിനു കാരണം. ഈ സ്വഭാവമാണ് ഒരുവന്റെ ഹൃദയത്തിനും മുഖത്തിനും ഈശ്വരൻ നല്കിയിരിക്കുന്ന നിഷ്കളങ്കതയുടെ കാന്തിയെ മറച്ചു കളയുന്നത്, അല്ല വികൃതമാക്കിത്തീർക്കുന്നത്. ഈ സത്യം വിളിച്ചു പറയുന്ന ഒരു സന്ദർഭം നസ്രുദീൻ മുല്ല നമുക്ക് നല്കുന്നുണ്ട്. ഒരു ദിവസം മുല്ല നടക്കാനിറങ്ങി. നടന്നുനടന്ന് ഒരു അഴുക്കു ചാലിനടുത്തെത്തി. അവിടെനിന്നും വലിയ ദുർഗന്ധം പരക്കുന്നുണ്ട്. ഈ ദുർഗന്ധത്തിനു കാരണക്കാരൻ മനുഷ്യനല്ലാതെ മറ്റാരുമല്ലെന്നു ചിന്തിച്ചുകൊണ്ട് മുല്ല ആ ഓടയിലേക്കൊന്നു നോക്കി. അതിനുള്ളിൽ ഒരു കണ്ണാടിപ്പാത്രം കിടന്നു തിളങ്ങുന്നതു കണ്ടു. മുല്ല തോട്ടിലേക്കിറങ്ങി അതെടുത്തു നോക്കുന്നതിനിടയിൽ തന്റെ മുഖം അതിൽ കണ്ടു. ഏറെ ചുളിവുകൾ വീണ് വാർദ്ധക്യം ബാധിച്ച , നന്നാക്കാനാവാത്ത തന്റെ മുഖം കണ്ടുനിന്നപ്പോൾ മുല്ല ചിന്തിച്ചു. 'ഈ അഴുക്കുചാലിലേക്ക് ആരോ ഒരുവൻ ഇതു വലിച്ചെറിഞ്ഞതിൽ തെല്ലും അദ്ഭുതപ്പെടാനില്ല. എന്തെന്നാൽ ഇതിനു ഏതൊരുവനും കാണിച്ചു കൊടുക്കാനാവുന്നത് ഏറ്റവും വൃത്തികെട്ട അവനവന്റെ മുഖമായിരിക്കുമല്ലോ. ഇതെടുത്തു നോക്കിയതാണ് എന്റെ തെറ്റ്. "
ഏതിലും സ്വന്തവും ബന്ധവും സ്ഥാപിക്കുന്ന മനുഷ്യന്റെ ദുരമൂത്ത മുഖത്തിന്റെ പ്രകൃതമാണ് ഇവിടെ മുല്ല നമുക്ക് കാട്ടിത്തരുന്നത്. ചെയ്യുന്നതെല്ലാം ശരിയെന്നു ചിന്തിക്കുന്ന മനുഷ്യൻ പക്ഷേ ചെയ്യുന്നതിലെ ശരിയെത്രയുണ്ടെന്ന് അറിയുന്നില്ല. അല്ലെങ്കിൽ അന്വേഷിക്കുന്നില്ല. അതുപോലെ തന്നെ പറയുന്നതെല്ലാം സത്യമെന്നു പറയുന്ന മനുഷ്യൻ പക്ഷേ പറയുന്നതിലെ സത്യം എത്രയുണ്ടെന്നു ഗണിക്കുന്നില്ല. ഇങ്ങനെ സ്വയം തിരുത്താനും വിലയിരുത്താനും കഴിയാതെ പോകുന്നവനു ഈ ലോകത്തിനു വേണ്ടിയും സഹജാതർക്കുവേണ്ടി യാതൊന്നും നല്കാനാവുകയില്ല. അതുകൊണ്ടാണ് ആദ്യം നമ്മൾ നന്നാവുക എന്നു ഗുരുക്കന്മാർ ഉപദേശിച്ചത്. എന്തെന്നാൽ നമ്മൾ നന്നായാൽ മറ്റുള്ളവരും നന്നായിക്കൊള്ളും. അതെങ്ങനെ? നന്നാവുന്ന ഒരുവനു മാത്രമേ മറ്റുള്ളവരെയും നന്നാക്കാനാവുകയുള്ളൂ. ശരി പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നവനു മാത്രമേ മറ്റുള്ളവരെ ശരിയിലേക്ക് നയിക്കാനാവൂ. ക്രിസ്തുദേവനും നബിതിരുമേനിയും ബുദ്ധഭഗവാനുമൊക്കെ ജനഹൃദയങ്ങളിൽ നിറഞ്ഞു കവിഞ്ഞത് ഈ ശരിയുടെ തത്ത്വശാസ്ത്രം മങ്ങാതെ പ്രകാശിപ്പിച്ചതുകൊണ്ടാണ്.
പുതിയ നൂറ്റാണ്ടിൽ ഗുരുദേവ തൃപ്പാദങ്ങളും നമുക്ക് വഴികാട്ടിയത് ഈ നന്നാകലിന്റെ, ശരിയുടെ, നേരാംവഴികളാണ്. ഒന്നും മൂടിവയ്ക്കുന്നവനു ഈ പ്രകൃതി സ്വന്തമല്ല. മറിച്ച് എല്ലാം എല്ലാവർക്കുമായി തുറന്നു വയ്ക്കുന്നവനാണ് ഈ പ്രകൃതിയാകെ സ്വന്തമായിരിക്കുന്നത്.
ഒരിക്കൽ ഗുരുദേവൻ നിറയെ മാവുകളുള്ള ഒരു സ്ഥലത്തു കൂടി നടന്നു പോകുമ്പോൾ ഒരു കുട്ടി എതിരെ വരികയായിരുന്നു. ഒരു മാമ്പഴം കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു കൊണ്ടായിരുന്നു അവന്റെ നടപ്പ്. അവന്റെ ആശ പരഹൃദയജ്ഞാനിയായ ഗുരുദേവൻ അറിഞ്ഞു. മാമ്പഴക്കാലമല്ലാതിരുന്നിട്ടും പെട്ടെന്നു ഒരു മാമ്പഴം അടർന്ന് ഗുരുവിന്റെ കാല്ക്കൽ വന്നു വീണു. അതെടുത്ത് അവനു നീട്ടിക്കൊണ്ടു ഗുരുദേവൻ പറഞ്ഞു : ' ഇത് നിനക്കുള്ളതാണ് ."
ഇങ്ങനെ നിനക്കുള്ളതാകാൻ നമുക്കുള്ളത് മാറുന്ന ഒരു കാലം വരണം. അതിനുള്ളതാണ് ആത്മീയത.