തിരുവനന്തപുരം: മയക്കുമരുന്ന് വില്പന നടത്തിയ കേസിൽ കർണാടക സ്വദേശി മുഹമ്മദ് ജാബറിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വഞ്ചിയൂർ നാലാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2018 ഒക്ടോബർ 5ന് പേട്ട റയിൽവേ ആശുപത്രിക്ക് സമീപത്തു നിന്നാണ് എം.ഡി.എം.എ മയക്കുമരുന്നുമായി ഇയാൾ പിടിയിലായത്. ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കർണാടകത്തിൽ നിന്നു എത്തിച്ചതായിരുന്നു മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും മുഹമ്മദ് ജാബറിന്റെ സുഹൃത്തുമായ ഫൈസർ അലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടർ കൂടിയായ വെമ്പായം എ.എ.ഹക്കിം ഹാജരായി.