udf-ldf

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്

സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും യോജിച്ച പ്രക്ഷോഭത്തിന് . 16ന് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷിമണ്ഡപത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന സത്യഗ്രഹ സമരത്തിൽ .മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിമാരും കക്ഷി നേതാക്കളും പങ്കെടുക്കും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ ടെലഫോണിൽ ബന്ധപ്പെട്ടതോടെയാണ് സംയുക്തപ്രക്ഷോഭത്തിന് വഴി തെളിഞ്ഞത്. ഇടതുപക്ഷം സ്വന്തം നിലയ്ക്ക് ആലോചിക്കുന്ന പ്രക്ഷോഭത്തെപ്പറ്റി മുഖ്യമന്ത്രി അറിയിച്ചപ്പോൾ സംയുക്ത പ്രക്ഷോഭമായാലോയെന്ന് ചെന്നിത്തല ചോദിച്ചു. അത് മുഖ്യമന്ത്രി അംഗീകരിച്ചു.സാംസ്കാരിക, കലാ, സാഹിത്യ മേഖലകളിലെ പ്രമുഖരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുമുള്ളവരും , നവോത്ഥാന സമിതി പ്രവർത്തകരും സത്യഗ്രഹ സമരത്തിൽ പങ്കാളികളാവും.. രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് .കേരളം ഒറ്റക്കെട്ടായി ഉയർത്തുന്ന ശബ്ദത്തോട് എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

19ന് എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം 19ന് വൈകിട്ട് ജില്ലാ കേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടെ പ്രതിഷേധ കൂട്ടായ്മ നടക്കും. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

16ന് എൽ.ഡി.എഫ് അടിയന്തരയോഗം

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് രാഷ്ട്രീയസമരം കടുപ്പിക്കാൻ സി.പി.എം തീരുമാനം. . അഖിലേന്ത്യാ തലത്തിൽ ഇടതുപാർട്ടികളുടെ ആഹ്വാനപ്രകാരമുള്ള പ്രതിഷേധക്കൂട്ടായ്മ 19ന് സംസ്ഥാനത്തും നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിനപ്പുറമുള്ള സമരപരിപാടികൾ വേണമെന്ന അഭിപ്രായമാണ് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റിലുണ്ടായത്. അക്കാര്യം ചർച്ച ചെയ്യാൻ 16ന് അടിയന്തര എൽ.ഡി.എഫ് യോഗം ചേരും.

സംസ്ഥാനത്ത് നികുതിപിരിവ് കർക്കശമാക്കുന്നതിനൊപ്പം ജി.എസ്.ടി നഷ്ടപരിഹാരം തരാതിരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രചരണം ശക്തമാക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 20ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 21, 22 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. .