1

പൂവാർ: അടിമലത്തുറ നിവാസികൾക്ക് ഒരു അപേക്ഷയേ ഉള്ളു,​ തങ്ങളുടെ കടലിനേയും തീരത്തേയും മലിനമാക്കരുതേ എന്ന്. ദിനം പ്രതി കടലും തീരവും മലിനമാകുന്നതിന്റെ ദൂഷ്യഫലം കൂടുതലും അനുഭവിക്കുന്നത് ഇവിടുത്തെ മത്സ്യത്തൊഴിലാളികളാണ്. ഓഖി ദുരന്തത്തിന് ശേഷം തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് പണി നന്നേ കുറവാണ്. ഓഖി സമ്മാനിച്ച ദുരിതത്തിനിടയിലും താരത്ത് കുന്നുകൂടുന്ന മാലിന്യത്തിൽ നിന്നും ഉള്ള പകർച്ച വ്യാധി ഭീഷണിയിലാണ് ഇവിടുത്തെ ജനങ്ങൾ. അടിമലത്തുറ മുതലുള്ള കടലും കടൽ തീരവും മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനത്തിനാണ് ഇവിടുത്തെ സന്നദ്ധ സംഘടനയായ എന്റെ അടിമലത്തുറ. നെയ്യാറിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും പ്രദേശത്ത് നിക്ഷേപിക്കുന്ന മാലിന്യങ്ങളും നീക്കി അടിമലത്തുറയെ മാലിന്യ മുക്തമാക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ നാട്ടുകാരും സന്നദ്ധ സംഘടനകളും.

ഓഖി ദുരന്തത്തിന് ശേഷം കടിലിൽ മത്സ്യസമ്പത്ത് കുരവാണെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്. ഒപ്പം കടലിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കാരണം ചത്തൊടുങ്ങുന്ന മത്സ്യങ്ങളും കുറവല്ല. കടലിൽ മാലിന്യ നിക്ഷേപം കൂടിയതോടെ പല കടൽ ജീവികളും വംശനാശം നേരിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. തീരത്തടിയുന്ന പല കടൽ ജീവികളും ചത്തൊടുങ്ങുന്നതിന് കാരണം കടലിലെ മാലിന്യമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്ല്സ്റ്റിക് ഭക്ഷിക്കുന്ന മത്സ്യങ്ങളും കടലാമകളും കടൽ പക്ഷികളും എല്ലാം ദിനം പ്രതി ചത്തൊടുങ്ങുകയാണ്. കടലിലെ പി.എച്ച് മൂല്യം ഉയർന്ന പല സസ്യങ്ങളും ജീവജാലങ്ങളും ഇന്നില്ല. കടൽ മലിനമായതും ചെറു മത്സ്യങ്ങൾ കുറഞ്ഞതും ഡോൾഫിൻ പോലുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ഫീഷണിയാകുകയാണ്. സമുദ്രത്തെ വിഴുങ്ങുന്ന പ്ലാസ്റ്റിക് മത്സ്യലഭ്യതയിൽ വലിയ കുറവാണ് വരുത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

നദികളിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്ന അറവ് മാലിന്യവും എല്ലാം കൊണ്ട് തീരം ചീഞ്ഞ് നാറുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ മാലിന്യ നിക്ഷേപം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.

മറ്റ് കടൽ തീരങ്ങളെ അപേക്ഷിച്ച് അടിമലത്തുറയ്ക്കും സമീപ പ്രദേശങ്ങൾക്കും വിശാലമായ തീരപ്രദേശമാണുള്ളത്. കരുംകുളം പള്ളത്താണ് ജില്ലയിലെ തന്നെ പ്രധപ്പെട്ട മത്സ്യ മാർക്കറ്റുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും ദിനംപ്രതി നിരവധി ലോറി കളിലായി ഇവിടെ മീനുമായി എത്തും. ഇവയിൽ പല ലോറികളിലും അഴുകിയതും ഉപയോഗശൂന്യമായതുമായ മത്സ്യങ്ങളും ഒടുവിൽ തീരത്ത് നിക്ഷേപിച്ച് കടന്നുകളയുകയാണ് പതിവ്.

തീരത്ത് മാലിന്യ നിക്ഷേപം രൂക്ഷമായതോടെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലായി മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡുകൾ സ്ഥാപിച്ചു. എന്നാൽ രാത്രികാലങ്ങളിൽ ഈ സ്ഥലങ്ങളിൽ തന്നെ മാലിന്യം നിക്ഷേപിച്ച് കടന്നുകളയും. മാലിന്യം നിക്ഷേപം കൂടിയാൽ തീരം വൻ പകർച്ചവ്യാധി ഭീഷണിയിലേക്ക് കൂപ്പുകുത്തുമെന്നിരിക്കെ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.