ആറ്റിങ്ങൽ: സ്കൂൾ ബസിനടിയിൽ കയറിപ്പറ്റിയ ചേര ആറ്റിങ്ങൽ പട്ടണം ചുറ്റി വിലസി. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ബസിൽ വെള്ളിയാഴ്ച് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം നടക്കുന്നത്. റോഡിൽ നിന്നു ഇഴഞ്ഞു വന്ന ചേര സ്കൂൾ കോംബൗണ്ടിലേക്ക് കയറുന്നത് കണ്ട നാട്ടുകാരനാണ് സ്കൂൾ അധികൃതരെ വിവരമറിയിച്ചത്. ഉടൻതന്നെ സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളെ പരിസരത്തു നിന്നു മാറ്റുകയും ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും അദ്ധ്യാപകരും ചേർന്ന് വാഹനം അടിമുടി പരിശോധിച്ചെങ്കിലും ചേരയെ കണ്ടെത്താനായില്ല. ഒടുവിൽ അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരം ബസ് സ്‌കൂൾ പരിസരത്തുനിന്നും മാറ്റി സർവീസ് സെന്ററിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് കൊല്ലമ്പുഴ ഓവർ ബ്രിഡ്ജിന് സമീപമുള്ള സർവീസ് സെന്ററിൽ എത്തിച്ച് വാഹനം പരിശോധിച്ചപ്പോഴാണ് ചേര വാഹനത്തിനടിയിൽ ചുറ്റിയിരിക്കുന്നത് കണ്ടത്. വെള്ളം ചീറ്റിയൊഴിച്ചതോടെ പുറത്തു ചാടി സമീപത്തെകുറ്റിക്കാട്ടിലേക്ക് പോയി. വിദ്യാർഥികളുടെ സുരക്ഷ മുൻനിറുത്തി സ്‌കൂൾ അധികൃതരുടെ സമയോചിതമായ ഇടപെടൽ പ്രശംസനീയമാണെന്ന് നാട്ടുകാരും രക്ഷാകർത്താക്കളും പറഞ്ഞു.