ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ പുന്നക്കാട് വാർഡിലെ നീർത്തടങ്ങൾ വിസ്മൃതിയിലേക്ക്. പുന്നക്കാട് നൈനാകോണം കുളം, ആനച്ചൽക്കുളം, പറയാകോണം കുളം എന്നീ നീർത്തടങ്ങൾ കാട് കയറി നശിക്കുകയാണ്. പഞ്ചായത്തിൽ 90 സെന്റോളം വിസ്തൃതിയിലുള്ള ഏറ്റവും വലിയ നീർത്തടമായ നൈനാകോണം കുളം സംരക്ഷിച്ച് നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കുളം അരക്ഷിതാവസ്ഥയിലായിട്ട് പത്ത് വർഷം കഴിഞ്ഞിട്ടും അധികൃതർ ആരും തന്നെ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആക്ഷേപം. നിലവിലെ പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധിയും കുളം പു:നരുദ്ധരിച്ച് ഉപയോഗയുക്തമാക്കാനുള്ള നടപടിയും കൈക്കൊള്ളുന്നില്ലെന്നും പരാതിയുയരുന്നുണ്ട്. നിലവിൽ കുളത്തിന്റെ നാല് ഭാഗത്തെയും സൈഡ് ഭിത്തികൾ മണ്ണിടിഞ്ഞ് തകർന്ന നിലയിലാണ്. തലയൽ ഏലായിലെ കർഷകരുടെ വയലേലകളിലെ കൃഷിപരിപാലനത്തിന്റെ ഏക നീരുറവയും നൈനാകോണം കുളമാണ്. കുളത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ക്ഷേത്രഭരണസമിതിയും അധികൃതർക്ക് പരാതി നൽകി. പഞ്ചായത്തും കയർഫെഡ്ഡുമായി ചേർന്ന് ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ നീർത്തടങ്ങൾ സംരക്ഷിക്കാൻ മൂന്ന് വർഷം മുമ്പ് നടപടികൾ ആരംഭിച്ചെങ്കിലും അതും പാതിവഴിയിലായിരിക്കുകയാണ്. നീർത്തടങ്ങളിലെ സൈഡ് ഭിത്തികളിലെ മണ്ണൊലിപ്പ് തടഞ്ഞ് കുളം സംരക്ഷിച്ച് നിലനിറുത്താൻ കയർവിരിപ്പുകൾ ഗ്രാമപഞ്ചായത്തിന് കയർഫെഡ്ഡ് കൈമാറിയിരുന്നു. മിക്ക കുളങ്ങളിലും പരീക്ഷണാർത്ഥം ഇവ നടപ്പാക്കിയെങ്കിലും പദ്ധതി പാടെ പരാജയമായി മാറുകയായിരുന്നു. തൊഴിലുറപ്പ് ജീവനക്കാർക്ക് കുളം നവീകരണവുമായി ബന്ധപ്പെട്ട് തൊഴിൽദിനങ്ങൾ സമ്മാനിക്കുന്നതല്ലാതെ ത്രിതലപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കുളങ്ങളെ ശാശ്വതമായി നിലനിർത്താനുള്ള നവീന പദ്ധതികളൊന്നും ആവിഷ്കരിക്കുന്നില്ലെന്നതാണ് വസ്തുത.