
തിരുവനന്തപുരം: അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണിയെ തുടർന്ന് നഗരത്തിൽ കുടിവെള്ള വിതരണം പൂർണമായും നിലച്ചു. കുടിവെള്ള വിതരണത്തിനായി ടാങ്കറിൽ വെള്ളമെത്തിക്കുന്നതടക്കമുള്ള ബദൽ സംവിധാനം അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മുതലാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. 15ന് രാത്രിയോടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ജലവിതരണം പൂർവസ്ഥിതിയിലാകും.
പൂർണമായും കുടിവെള്ളം മുടങ്ങിയ കോർപറേഷനിലെ 57 വാർഡുകളിൽ കിയോസ്‌കുകൾ സജ്ജമാക്കി. ആവശ്യക്കാർക്ക് ഇവിടെ എത്തി വെള്ളമെടുക്കാം. പ്രധാനമായും ആശുപത്രികളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കുമാണ് ടാങ്കർ ലോറികൾ വഴി ജലം നൽകുന്നത്. ഇന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെങ്കിലും നാളെ വൈകിട്ടോടെ മാത്രമേ നഗരത്തിൽ എല്ലായിടത്തും വെള്ളമെത്തുവെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഓരോ സെക്ഷനുകളിലെ കിയോസ്‌കുകളുടെ എണ്ണം
പേരൂർക്കട 14
പാറ്റൂർ 14
പാളയം 05
കവടിയാർ 15
പോങ്ങുമ്മൂട് 15
കഴക്കൂട്ടം 13
കരമന 04
തിരുമല 04
അറ്റകുറ്റപ്പണികൾ ആരംഭിച്ചു
അരുവിക്കരയിലെ ജല ശുചീകരണ പ്ലാന്റിൽ ജോലികൾ തുടങ്ങി. റോ വാട്ടർ (അശുദ്ധ ജല) വിഭാഗത്തിലെ രണ്ട് പമ്പുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് നീക്കി. ഉച്ചക്ക് രണ്ടിന് തുടങ്ങിയ ജോലികൾ അഞ്ചോടെയാണ് അവസാനിച്ചത്. റോ വാട്ടർ വിഭാഗത്തിൽ ശേഷിക്കുന്ന രണ്ട് പമ്പുകൾ ഉപയോഗിച്ചാണ് ഇനിയുള്ള പ്രവർത്തനം. ഒന്നരമാസമെടുത്ത് ഈ വിഭാഗത്തിലെ നാല് പമ്പുകളും ഒഴിവാക്കി പകരം അതിശേഷിയുള്ള രണ്ട് പമ്പുകളാണ് സ്ഥാപിക്കുന്നത്. ശുദ്ധജല വിഭാഗത്തിലെ നിലവിലെ മൂന്ന് പമ്പുകളും ഒഴിവാക്കി പകരം രണ്ട് പുതിയ പമ്പുകൾ സ്ഥാപിക്കും.
ഇനി വൈദ്യുതിയുമായി ബന്ധപ്പെട്ട നവീകരണ ജോലികളാണ് നടക്കാനുള്ളത്. ഇലക്ട്രിക്കൽ സബ് സ്റ്റേഷനിൽനിന്ന് വി.സി.ബി പാനലുകൾ മാറ്റുന്ന ജോലി പുരോഗമിക്കുന്നു. ദക്ഷിണമേഖലാ ചീഫ് എൻജിനിയർ ജി. ശ്രീകുമാർ, തിരുവനന്തപുരം സൂപ്രണ്ടിംഗ് എൻജിനിയർ ജി. സുരേഷ് ചന്ദ്രൻ, അരുവിക്കര ഹെഡ് വർക്‌സ് ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്.