തിരുവനന്തപുരം: വാഹനപരിശോധനയ്‌ക്കിടെ പിടിച്ചെടുത്ത മണൽകടത്ത് ലോറി വിട്ടുകൊടുക്കാതെ കേസെടുത്ത എ.എസ്.ഐക്ക് സ്ഥാന ചലനം. മേൽ ഉദ്യോഗസ്ഥൻ പറഞ്ഞത് മുഖവിലയ്ക്കെടുക്കാതെ നിയമം നടപ്പാക്കിയ വട്ടിയൂർക്കാവ് എ.എസ്.ഐ സോമനെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. ചൊവ്വാഴ്‌ച രാത്രി നടത്തിയ പരിശോധനയിലാണ് രണ്ട് മണൽക്കടത്ത് ലോറികൾ പൊലീസ് പിടികൂടിയത്. പ്രാദേശിക സി.പി.എം നേതാവുമായി ബന്ധമുള്ള ലോറി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്‌ച പുലർച്ചെ കന്റോൺമെന്റ് എ.സി സുനീഷ് ബാബുവിന്റെ വിളിയെത്തി. കേസ് രജിസ്റ്റർ ചെയ്‌തതിനാൽ വാഹനം വിട്ടുകൊടുക്കാൻ പറ്റില്ലെന്ന് എസ്.എച്ച്.ഒ നിലപാടെടുത്തു. തുടർന്ന് വാഹനം ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്‌തു. ഇക്കാര്യം എ.എസ്.ഐ സോമൻ കന്റോൺമെന്റ് എ.സിയെ അറിയിച്ചു. വാഹനം വിട്ടുനൽകാത്തതിൽ പ്രകോപിതനായ എ.സി സുനീഷ്ബാബു എ.എസ്.ഐ സോമനെ ഓഫീസിൽ വിളിച്ചുവരുത്തി വൈകിട്ട് വരെ നില്പു ശിക്ഷ വിധിച്ചു. തുടർച്ച് വ്യാഴാഴ്ച ഇയാളെ ട്രാഫിക്കിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് എ.സിയുടെ നിർദ്ദേശ പ്രകാരം പിടിച്ചെടുത്ത മണൽലോറി എസ്.എച്ച്.ഒ ആയിരുന്ന അശോക് കുമാർ വിട്ടുനൽകിയിരുന്നു. എന്നാൽ വിജിലൻസ് പരിശോധനയിൽ എസ്.എച്ച്.ഒയ്ക്ക് പിടിവീണു. വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് അശോക് കുമാറിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതുഭയന്നാണ് പൊലീസുകാർ ലോറിവിട്ടുനൽകാത്തതെന്നാണ് വിവരം.