തിരുവനന്തപുരം: സർക്കാർ അംഗീകൃത അന്ധവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓണം - ക്രിസ്‌മസ് സ്പെഷ്യൽ അരി നൽകുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ശുപാർശ ചെയ്തു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും സ്പെഷ്യൽ അരി ലഭ്യമാക്കണം. കുട്ടിയുടെ വീടിനടുത്തുള്ള റേഷൻ കട വഴി സൗജന്യമായി അരി നൽകുന്നതിനുള്ള ഉത്തരവ് പൊതുവിതരണ വകുപ്പിന് നൽകുന്ന കാര്യം പരിഗണിക്കണമെന്നും ചെയർമാൻ പി. സുരേഷ്, അംഗങ്ങളായ കെ. നസീർ ഡോ. എം.പി ആന്റണി എന്നിവർ ഉൾപ്പെട്ട ഫുൾ ബഞ്ച് നിർദേശിച്ചു.
ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന അന്ധവിദ്യാർത്ഥികൾ, ഭിന്നശേഷിക്കാരായ മറ്റു കുട്ടികൾ, എസ്.സി, എസ്.ടി കുട്ടികൾ, എം.ആർ.എസ്. സ്‌കൂളുകൾ, പ്രീ - പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, സ്‌പോർട്സ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾ എന്നിവർ ഓണം - ക്രിസ്തുമസ് അവധിക്കാലത്ത് രക്ഷാകർത്താക്കൾക്ക് ഒപ്പമാകും താമസിക്കുക. ഹോസ്റ്റലിൽ താമസിക്കുന്നവർ ആയതിനാൽ മാത്രം അരി നിഷേധിക്കുന്നത് ബാലാവകാശ ലംഘനമാണ്. മലപ്പുറം മങ്കടയിലുള്ള എ. കെ നാസർ നൽകിയ പരാതിയിന്മേലാണ് കമ്മീഷൻ ശുപാർശ പുറപ്പെടുവിച്ചത്.