ട്രെയിനിൽ ബർത്ത് ഇല്ലാത്തതിനാൽ വനിതാ പരിശീലക പിൻമാറി

തിരുവനന്തപുരം : മദ്ധ്യപ്രദേശിൽ നടക്കുന്ന ദേശീയ സ്കൂൾ തായ്ക്കൊണ്ടോ ചാമ്പ്യൻഷിപ്പിനുള്ള 26 അംഗ കേരള ടീമിന് ഒറ്റ ബർത്തുപോലുമില്ലാതെ ട്രെയിനിൽ ദുരിതയാത്ര. ഇന്നലെ വൈകിട്ട് നാല് മണിക്ക് പുറപ്പെട്ട 12 പെൺകുട്ടികളടങ്ങുന്ന ടീം രാത്രിയിൽ സ്ളീപ്പർ കോച്ചിലെ ബാത്ത് റൂമിന് സമീപത്ത് ഷീറ്റ് വിരിച്ചാണുറങ്ങിയത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് സീറ്റ് ഇല്ലായെന്ന് ഉറപ്പായതോട ടീമിനൊപ്പം പോകേണ്ടിയിരുന്ന വനിതാ പരിശീലക യാത്രയിൽ നിന്ന് പിൻമാറുകയും ചെയ്തു. ഇതോടെ മുതിർന്ന വനിതകളാരുമില്ലാതെയാണ് പെൺകുട്ടികളുടെ സംഘം യാത്ര തിരിച്ചിരിക്കുന്നത്.

ഡി.പി.ഐയിലെ കായിക വിഭാഗമാണ് ദേശീയ സ്കൂൾ മേളകൾക്കുള്ള ടീമുകളുടെ യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നത്. ടീമിനുള്ള ടിക്കറ്റ് ദിവസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്തിരുന്നുവെങ്കിലും ശബരിമല സീസൺ ആയതിനാൽ വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു. തുടർന്ന് മന്ത്രിമാരുടെയും എം.പിമാരുടെയും എമർജൻസി ക്വാട്ട നൽകിയിരുന്നുവെങ്കിലും ബർത്ത് ലഭിച്ചില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പുവരെ കുറച്ചു സീറ്റുകളെങ്കിലും ലഭിക്കാനായി പരിശ്രമിച്ചിരുന്നുവെന്നും യാത്രയ്ക്കിടെ ലഭ്യമാകുന്ന സീറ്റുകൾ അനുവദിക്കാമെന്ന് റെയിൽവേ അധികൃതരുടെ ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും ഡി.പി.ഐയിലെ കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ചാക്കോ ജോസഫ് കേരളകൗമുദിയോട് പറഞ്ഞു.