തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ 'ഓപ്പറേഷൻ ജീവൻ ' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വർക്കലയിലെ ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസ് വിവിധ കടകളിൽ നിന്ന് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ച 101 സാമ്പിളുകളിൽ എട്ട് എണ്ണത്തിലേ പരിശോധനാ ഫലം വന്നിട്ടുള്ളൂ. ബാക്കിയുള്ളവ വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്നതായും കണ്ടെത്തി. 23 പരാതികളിൽ ഇവിടെ ഒരു നടപടിയുമെടുത്തില്ല.
ആറ്റിങ്ങൽ ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസ് ഒക്ടോബറിനു ശേഷം ഒരു പരിശോധനയും നടത്തിയിട്ടില്ല. പരാതിക്ക് രസീത് നൽകാറില്ല. ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്ത കേസുകളിൽ ഐ.പി.സി പ്രകാരം നടപടിയെടുത്തില്ല. തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ ഓഫീസിൽ മാസങ്ങളായി യാതൊരു നടപടികളും സ്വീകരിക്കാത്ത 78 പരാതികൾ വിജിലൻസ് കണ്ടെത്തി.
നെടുമങ്ങാട് ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസിൽ പരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്താറില്ല. ഭക്ഷണത്തിൽ മായം ചേർത്തതായി രാസ പരിശോധനയിൽ കണ്ടെത്തിയാലും കേസെടുക്കുന്നില്ല. കാട്ടാക്കട സർക്കിൾ ഓഫീസിൽ കിട്ടിയ 57 പരാതികളിൽ 20 പരാതികളിലേ നടപടി സ്വീകരിച്ചുള്ളൂ. പരാതി കിട്ടിയാലും പരിശോധന നടത്താറില്ല.
കോട്ടയം കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫീസിൽ പരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നില്ലെന്നും നടപടി സ്വീകരിക്കുന്നില്ലെന്നും കണ്ടെത്തി. ചേർത്തല സർക്കിൾ ഓഫീസ് കടയുടമകൾക്ക് നോട്ടീസ് നൽകിയ ശേഷം യാതൊരു നടപടിയുമെടുക്കുന്നില്ലെന്നും ഇതുവഴി അപകടകരമായ ഭക്ഷ്യവസ്തുക്കൾ പരിശോധനാ ഫലം വരുന്നതു വരെ വിറ്റഴിച്ചതായും കണ്ടെത്തി.
തലശ്ശേരി സർക്കിൾ ഓഫീസിൽ വിജിലൻസ് പരിശോധനയ്ക്കെത്തിയപ്പോൾ ഓഫീസ് പൂട്ടിക്കിടക്കുകയായിരുന്നു. വിജിലൻസ് പരിശോധന നടത്താതെ മടങ്ങി. കൽപ്പറ്റ സർക്കിൾ ഓഫീസിൽ ആഗസ്റ്റിനു ശേഷം ലഭിച്ച പരാതികൾ രേഖയാക്കിയില്ലെന്നും നടപടിയെടുത്തില്ലെന്നും കണ്ടെത്തി. പള്ളുരുത്തി സർക്കിൾ ഓഫീസിൽ പരിഹാരമുണ്ടാക്കിയ പരാതികളേ രജിസ്റ്ററിൽ രേഖപ്പെടുത്താറുള്ളൂ.
ഗുരുവായൂർ സർക്കിൾ ഓഫീസ് കടകളിൽ നിന്നും എടുക്കുന്ന സാമ്പിളുകൾ കെമിക്കൽ പരിശോധനയ്ക്ക് അയക്കാറില്ല. തൃശ്ശൂർ ഭക്ഷ്യസുരക്ഷാ ഓഫീസ് പരാതികൾ അട്ടിമറിക്കുകയാണ്. വടക്കാഞ്ചേരി സർക്കിൾ ഓഫീസ് 12ഫയലുകൾ അനധികൃതമായി അവസാനിപ്പിച്ചു. പാലക്കാട് സർക്കിൾ ഓഫീസിൽ ആഗസ്റ്റിനു ശേഷം കാഷ് ബുക്ക് എഴുതിയിട്ടില്ല. ക്രമക്കേടുകളെക്കുറിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു. ഐ.ജി എച്ച് . വെങ്കടേഷ്, ഡിവൈ.എസ്.പി ഇ. എസ് ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡുകൾ.