തിരുവനന്തപുരം:ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്ത് നിലനി.ക്കുന്നതെന്നും അത്തരം വെല്ലുവിളികളിൽ ഇന്ത്യ മുട്ടുകുത്തില്ലെന്നും ആരും നിശബ്ദരാകാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധ നയങ്ങൾക്കെതിരേ പ്രതികരിച്ചതിന് വെടിയേറ്റപ്പോൾ അർജന്റീനിയൻ സംവിധായകനായ ഫെർണാണ്ടോ സൊളാനസ് പറഞ്ഞതും ഇതുതന്നെയാണ്. ഗൗരി ലങ്കേഷ്, നരേന്ദ്ര ധാബോൽക്കർ, കൽബുർഗി തുടങ്ങിയവർ കൊല ചെയ്യപ്പെട്ട നമ്മുടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ സൊളാനസിന്റെ സാന്നിദ്ധ്യം ഊർജ്ജം നൽകുന്നതാണ്. അടിച്ചമർത്തപ്പെടുന്നവർക്കും മർദ്ദിതർക്കും പീഡിതർക്കുമൊപ്പമാണ് കേരളത്തിന്റെ ചലച്ചിത്രമേള എക്കാലത്തും നിലകൊണ്ടിട്ടുളളത്. നമ്മുടെ സാംസ്‌ക്കാരിക പോരാട്ടമാണ് ഈ ചലച്ചിത്രമേള. അതിന് അടിവരയിട്ടുകൊണ്ടാണ് സൊളാനസിന് ആജീവനാന്ത പുരസ്‌കാരം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന് ചലച്ചിത്ര മേളയുടെ ആജീവനാന്ത പുരസ്‌കാരം ഫെർണാണ്ടോ സൊളാനസിന് മുഖ്യമന്ത്രി സമ്മാനിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. മന്ത്രി എ.കെ ബാലൻ അദ്ധ്യക്ഷനായിരുന്നു. മേയർ കെ.ശ്രീകുമാർ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.