തിരുവനന്തപുരം : ജലസ്രോതസുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9ന് പൂവച്ചൽ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിക്കും. പൂവച്ചൽ മൈലോട്ടുമൂഴി തോടിൽ നടക്കുന്ന നീർച്ചാൽ പുനരുജ്ജീവനത്തോടെ പദ്ധതിക്ക് തുടക്കമാകും. പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ സന്നദ്ധ പ്രവർത്തകരും കലാ സാംസ്‌കാരിക കായിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. ഇന്നു മുതൽ 22 വരെ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടക്കും. 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 154 നീർച്ചാലുകളിൽ നടപ്പാക്കും. ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ കരകുളത്തു നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. കൊല്ലയിൽ, കുളത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സി.കെ. ഹരിന്ദ്രൻ എം.എൽ.എ പങ്കെടുക്കും. നെയ്യാറ്റിൻകര നഗരസഭ, ചെങ്കൽ ഗ്രാമപഞ്ചായത്തുകളിൽ കെ. ആൻസലൻ എം.എൽ.എ സംബന്ധിക്കും. ഐ.ബി. സതീഷ് എം.എൽ.എ വിളപ്പിൽ, പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളിലും പങ്കെടുക്കും. പഴയകുന്നമ്മേൽ, കരവാരം ഗ്രാമപഞ്ചായത്തുകളിൽ അഡ്വ. ബി. സത്യൻ എം.എൽ.എയും വെട്ടൂർ ഗ്രാമപഞ്ചായത്തിൽ അഡ്വ. വി. ജോയി എം.എൽ.എയും പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ ഡി.കെ. മുരളി എം.എൽ.എയും പങ്കെടുക്കും.