k-c-elamma-tom-joseph
k c elamma tom joseph

തിരുവനന്തപുരം : അർജുന അവാർഡ് ജേതാവായ വോളിബാൾ താരം ടോം ജോസഫിന് മാന്യമായി വിരമിക്കാൻ സംസ്ഥാന വോളിബാൾ അസോസിയേഷൻ അവസരം നൽകിയില്ല എന്ന വിവാദത്തിൽ ടോമിനെതിരെ മുൻ വോളിബാൾ താരവും അർജുന അവാർഡ് ജേതാവുമായ കെ.സി. ഏലമ്മ. ദേശീയചാമ്പ്യൻഷിപ്പുകൾ മുൻകാല കളിക്കാർക്ക് വിരമിക്കാനുള്ള വേദിയാക്കി മാറ്റുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്നാണ് ഏലമ്മ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

താനുൾപ്പെടെയുള്ള മുൻ കളിക്കാർ ദേശീയ ചാമ്പ്യൻഷിപ്പുകളിലൂടെയല്ല വിരമിച്ചതെന്നും വോളിബാളിൽ കേരളം ഇപ്പോൾ താരനിബിഡമാണെന്നും ദേശീയ ചാമ്പ്യൻഷിപ്പുകൾ വിരമിക്കാനുള്ള അവസരമാക്കി മാറ്റുകയാണെങ്കിൽ അത് പുതു തലമുറയിലെ താരങ്ങൾക്ക് അവസരം നഷ്ടപ്പെടുത്തുകയും കേരളത്തിന്റെ കിരീടസാദ്ധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ടീം സെലക്ടർ കൂടിയായ ഏലമ്മ പറഞ്ഞു.

2015ലെ ദേശീയ ഗെയിംസിന്റെ കേരള ടീമിൽ താനുൾപ്പെട്ട സെലക്ഷൻ കമ്മിറ്റി ടോമിന്റെ പേര് ശുപാർശ ചെയ്തില്ലെങ്കിലും ടോമിനെ കളിപ്പിക്കണമെന്ന് വോളിബാൾ അസോസിയേഷൻ സെക്രട്ടറി നിർബന്ധിച്ചതുകൊണ്ടാണ് ടീമിലെടുത്തിരുന്നതെന്നും ഏലമ്മ വെളിപ്പെടുത്തി.അന്ന് ടോമി​ന് വി​രമി​ക്കാമായി​രുന്നു.വോളിബാൾ അസോസിയേഷനെ ടോം ജോസഫ് ആക്ഷേപിക്കുന്നത് പ്രായോഗികതയിൽ ഊന്നിയുള്ള സമീപനമല്ലെന്നും അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് താനെന്നും ഏലമ്മ പറയുന്നു.

അതേ സമയം കെ.സി. ഏലമ്മയെന്ന സീനിയർ താരത്തെയും അവരുടെ അഭിപ്രായത്തെയും താൻ ബഹുമാനിക്കുന്നതായി ടോം ജോസഫ് കേരളകൗമുദിയോട് പറഞ്ഞു. വിവാദമുണ്ടായ സമയത്ത് ഇത് തന്നോട് നേരിട്ട് പറയാതെ ഇപ്പോൾ മാദ്ധ്യമങ്ങൾ വഴി അറിയിച്ചത് സംസ്ഥാന അസോസിയേഷനെ വെള്ളപൂശാനുള്ള ശ്രമമായി മാത്രമേ കാണാനാകൂ എന്നും കേരള ടീമിൽ ഉൾപ്പെടുത്തണമെന്ന് താൻ ഇതുവരെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ടോം പറഞ്ഞു. തന്നെ ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്നുപോലും തടയാൻ ശ്രമം നടന്നപ്പോൾ മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കളിക്കാനാണ് തീരുമാനിച്ചതെന്നും ടോം പറഞ്ഞു.

''വിരമിക്കാൻ അവസരം നൽകുന്നില്ലെന്ന് പറഞ്ഞ് ടോം വോളിബാൾ അസോസിയേഷനെ ആക്ഷേപിക്കുന്നത് പ്രായോഗികതയിൽ ഊന്നിയുള്ള സമീപനമല്ല.

കെ.സി. ഏലമ്മ

''ഏലമ്മചേച്ചിയെ ഏറെ ബഹുമാനിക്കുന്നു. പക്ഷേ ഇക്കാര്യത്തിൽ അസോസിയേഷന് വേണ്ടി നാവ് വാടകയ്ക്ക് കൊടുത്തതുപോലെയാണ് തോന്നുന്നത് . അതിൽ സങ്കടമുണ്ട്.

ടോം ജോസഫ്