മലയിൻകീഴ്: നാലംഗ സംഘം വീടുകയറി അക്രമം നടത്തിയ ശേഷം ബൈക്ക് കത്തിച്ചെന്ന് പരാതി. മാറനല്ലൂർ ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടക്കോട് സ്വദേശി ശശികുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മകന്റെ ബൈക്കിന് ശബ്ദം കൂടുതലെന്ന് ആരോപിച്ച് അക്രമി സംഘം ശശികുമാർ, ഭാര്യ ആനന്ദം, മകൻ മനു എന്നിവരെ മർദ്ദിച്ചശേഷം ബൈക്ക് കത്തിച്ചെന്നാണ് മാറനല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ബൈക്കിന്റെ ശബ്ദക്കൂടുതലിനെ സംബന്ധിച്ച് നേരത്തെ മനുവും സമീപവാസിയുമായി വാക്കുതർക്കവും തുടർന്ന് കൈയ്യാങ്കളിയും ഉണ്ടായി. മനു ജോലി കഴിഞ്ഞ് എത്തിയ ഉടൻ സംഘമായിട്ടെത്തിയവർ ബൈക്കിന്റെ ശബ്ദം കുറയ്ക്കില്ലേ എന്ന് ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയ മനുവിനെ പിന്നാലെ എത്തിയ സംഘം ക്രൂരമായി മർദ്ദിച്ച ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്ത് ബൈക്കിൽ ഒഴിച്ച് കത്തിക്കുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ശശികുമാറും കുടുംബവും പാലോട്ടുകോണത്ത് താമസിക്കാനെത്തിയത്. ബൈക്കിന്റെ സൈലൻസർ തകരാറാണ് അമിത ശബ്ദത്തിന് കാരണമെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ബൈക്കും സംഘം തകർത്തിട്ടുണ്ട്. മാറനല്ലൂർ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.