തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപം നാലാംഘട്ടത്തിലേക്ക് കടക്കുന്നു. മൂന്നാംമുറയുടെ സമാപനം കുറിക്കുന്ന പൊന്നുംശീവേലി ഇന്ന് രാത്രി നടക്കും.നാളെ രാവിലെ എട്ടുദിവസം നീളുന്ന നാലാംമുറ ആരംഭിക്കും.32 ദിവസത്തെ മുറജപത്തിന് ശേഷം ജനുവരി 15നാണ് ലക്ഷദീപം.
ഇന്ദ്രവാഹനത്തിലാണ് മൂന്നാംമുറയുടെ ശീവേലി എഴുന്നെള്ളിക്കുന്നത്.രാത്രി 8.15ന് കൊടിമരച്ചുവട്ടിൽ ശ്രീപദ്മനാഭസ്വാമിയുടെയും വെള്ളിവാഹനത്തിൽ തെക്കേടത്ത് നരസിംഹമൂർത്തി വിഗ്രഹത്തെയും എഴുന്നെള്ളിക്കും. മുന്നിൽ രാജകുടുംബത്തിലെ ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ രാമവർമ്മ വിഗ്രഹങ്ങൾക്ക് അകമ്പടി പോകും. മുറജപത്തിൽ പങ്കെടുക്കുന്ന വൈദികർ എഴുന്നെള്ളത്തിന് പിന്നാലെ മന്ത്രജപവുമായി അണിചേരും.പടിഞ്ഞാറെ നടയിലെത്തുമ്പോൾ തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെ ഒപ്പം എഴുന്നെള്ളിക്കും.ആദ്യത്തെ പ്രദക്ഷിണത്തിന് പടിഞ്ഞാറെ നടയിൽ പ്രത്യേക പൂജയും ദീപാരാധനയും ഉണ്ടായിരിക്കും.മൂന്ന് പ്രദക്ഷിണത്തോടെ ശീവേലി സമാപിക്കും.
ലക്ഷദീപം കാണാൻ പാസ് വിതരണം തുടങ്ങി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ജനുവരി 15ന് നടക്കുന്ന ലക്ഷദീപം കാണാനും ക്ഷേത്രത്തിൽ നടക്കുന്ന മകരശീവേലി തൊഴാനും പാസ് വിതരണം ആരംഭിച്ചു.21,000 പേർക്കാണ് പാസ് നൽകുന്നത്.ക്ഷേത്രത്തിനുള്ളിലെ ശീവേലിപ്പുരയ്ക്ക് ഇരുവശത്തും ഭക്തർക്ക് ശീവേലി കാണാനുള്ള സൗകര്യമൊരുക്കും.ഇവിടെ അധികം പേരെ ഉൾക്കൊള്ളാനാകില്ല.വടക്കേനടയിലെ ഓഫീസിലൂടെ 30 വരെ പാസുകൾ നൽകും.ഇതിനായി നിർദ്ദിഷ്ട മാതൃകയിലുള്ള ഫോറം പൂരിപ്പിച്ച് തിരിച്ചറിയൽ രേഖയും നൽകണം.ഇതിന് ഒരാഴ്ച കഴിഞ്ഞ് പാസ് വിതരണം ചെയ്യുമെന്ന് മാനേജർ ബി.ശ്രീകുമാർ അറിയിച്ചു.