klopp

ലണ്ടൻ : ലിവർപൂൾ ഫുട്ബാൾ ക്ളബിനെ പഴയ പ്രൗഡിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ജർമ്മൻകാരനായ പരിശീലകൻ യൂർഗൻ ക്ളോപ്പ് അഞ്ചുകൊല്ലം കൂടി തുടരും. ഇന്നലെയാണ് 2024 വരെ ക്ളോപ്പ് തന്റെ കരാർ നീട്ടിയത്. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളും പ്രിമിയർ ലീഗ് റണ്ണർ അപ്പുകളായ ലിവർപൂൾ ഈ സീസൺ പ്രിമിയർ ലീഗിൽ എട്ടുപോയിന്റ് ലീഡിൽ ഒന്നാമതാണ്. 2015 ലാണ് ക്ളോപ്പ് ലിവർപൂളിലെത്തിയത്.

കിവീസ് തകരുന്നു

പെർത്ത്: ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 416 റൺസടിച്ച ആസ്ട്രേലിയയ്ക്കെതിരെ പെർത്തിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. മറുപടിക്കിറങ്ങിയ കിവീസ് രണ്ടാം ദിവസം സ്റ്റംപ് എടുക്കുമ്പോൾ 109/5 എന്ന നിലയിലാണ്. ഇപ്പോൾ 307റൺസ് പിന്നിലാണ് സന്ദർശകർ.

സിന്ധുവിന് ആശ്വാസ ജയം

ഗ്വാങ്ഷു : ബി.ഡബ്ളിയു.എഫ് വേൾഡ് ടൂർ ഫൈനൽസ് ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ് സെമിയിൽ നിന്ന് പുറത്തായ ഇന്ത്യയുടെ പി.വി. സിന്ധുവിന് അവസാന മത്സരത്തിൽ ആശ്വാസ ജയം. ചൈനയുടെ ഹി ബിൻ ജിയാവോയെ 21 - 19, 21-19 നാണ് സിന്ധു കീഴടക്കിയത്.

ഇന്ത്യൻ താരങ്ങൾ ഉത്തേജക മരുന്നടിച്ചു

ന്യൂഡൽഹി : ലോകകപ്പ് മെഡൽ ജേതാവായ ഷൂട്ടർ രവികുമാറടക്കം അഞ്ച് കായിക താരങ്ങൾ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി അറിയിച്ചു. ഒളിമ്പ്യനും മുൻ ഏഷ്യൻ വെള്ളി മെഡൽ ജേതാവുമായ ബോക്സർ സുമിത് സാംഗ്‌വാൻ, വെയ്‌റ്റ് ലിഫ്‌റ്റിംഗ് താരങ്ങളായ സീമ, പൂർണ്ണിമ പാണ്ഡെ, മുകുൾ ശർമ്മ എന്നിവരാണ് പരിശോധനയിൽ പരാജയപ്പെട്ട മറ്റ് താരങ്ങൾ. ഇവർക്ക് രണ്ട് മുതൽ നാലുവരെ വർഷം വിലക്ക് വിധിച്ചതായും നാഡ അറിയിച്ചു. പലരും അസുഖത്തിനായി കഴിച്ച മരുന്നുകളിലാണ് ഉത്തേജകാംശം ഉണ്ടായിരുന്നത്.

ഐ.പി.എൽ ലേലത്തിൽ 332 താരങ്ങൾ

കൊൽക്കത്ത : ഈമാസം 19 ന് നടക്കുന്ന ഐ.പി.എൽ താര ലേലത്തിൽ പങ്കെടുക്കാനുള്ളത് 332 താരങ്ങൾ. നേരത്തേ ബി.സി.സി.ഐ തയ്യാറാക്കിയ 997 താരങ്ങളുടെ പട്ടികയിൽ നിന്ന് ഫ്രാഞ്ചൈസികൾ തിരഞ്ഞെടുത്തതാണ് 332 പേരെ ഇതിൽ 186 താരങ്ങൾ ഇന്ത്യയിൽ നിന്നാണ്. 143 പേർ ടെസ്റ്റ് യോഗ്യതയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും മൂന്നുപേർ ഐ.സി.സി അസോസിയേറ്റ് മെമ്പർമാരായ രാജ്യങ്ങളിൽ നിന്നും ഉയർന്ന വിലയായി രണ്ട് കോടിയും കുറഞ്ഞ വിലയായി 50 ലക്ഷവുമാണ് നിശ്ചയിച്ചിരിക്കുന്നത്. കൊൽക്കത്തയിലാണ് താര ലേലം.