kerala-uni-athletics

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി അത്‌ലറ്റ് മീറ്റ് രണ്ട് ദിനം പിന്നിടുമ്പോൾ ഒൻപത് സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലവുമായി മാർ ഇവാനിയോസ് കോളേജ് 66 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 38 പോയിന്റുള്ള ചെമ്പഴന്തി എസ്.എൻ. കോളേജ് രണ്ടാം സ്ഥാനത്തും 3 പോയിന്റുള്ള അഞ്ചൽ സെന്റ് ജോൺസ് കോളേജ് മൂന്നാമതുമാണ്.

ഇന്നലെ നടന്ന വനിതകളുടെ 800 മീറ്ററിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ അനഘ സന്തോഷ്, 10000 മീറ്ററിൽ ഇതേ കോളേജിലെ അപർണ പ്രസാദ് എന്നിവർ സ്വർണം നേടി. അഞ്ചൽ കോളേജിലെ തന്നെ സുചിത്രയ്ക്കാണ് 10000 മീറ്ററിൽ വെള്ളി. പുരുഷന്മാരുടെ 800 മീറ്ററിൽ മാർ ഇവാനിയോസിലെ ജെ.എസ്. റോഷനാണ് സ്വർണം. വനിതകളുടെ 1500 മീറ്ററിൽ മാർ ഇവാനിയോസിലെ സാന്ദ്ര എസ്. നായർ സ്വർണം നേടി. വനിതകളുടെ ഹാമർത്രോയിൽ ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിലെ ബിനിത മേരി തോമസിനാണ് സ്വർണം. പുരുഷ ഹാമർത്രോയിൽ മാർ ഇവാനിയോസിലെ റോഷിൻ ആർ. രാജ് സ്വർണം നേടി.

വനിതകളുടെ ഹൈജമ്പിൽ 1.40 മീറ്റർ ചാടിയ കൊല്ലം എസ്.എൻ. വനിത കോളേജിലെ എം. അഖിലയ്ക്കാണ് ഒന്നാം സ്ഥാനം. 200 മീറ്ററിൽ മാർ ഇവാനിയോസിലെ മൃദുല മരിയ ബാബു 26.19 സെക്കൻഡിൽ ഒന്നാമതെത്തി. 400 മീറ്റർ ഹർഡിൽസിൽ ചെമ്പഴന്തി എസ്.എന്നിലെ ബെഞ്ചമിൻ ജോസഫ് ജേതാവായി.