തിരുവനന്തപുരം: വളർത്തമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും പിടിയിലായി. നരുവാമൂട് സ്വദേശി അയ്യപ്പനാണ് (25) മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. അയ്യപ്പൻ മദ്യപിച്ച് വീട്ടിലെത്തി ബഹളംവയ്ക്കുന്നതിനെ ചോദ്യം ചെയ്‌ത വളർത്തമ്മയായ നരുവാമൂട് സ്വദേശി കൗസല്യയെ (80) ഇയാൾ മർദ്ദിച്ച് അബോധവസ്ഥയിലാക്കിയ ശേഷം ചെളിക്കെട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സെപ്‌തംബർ രണ്ടിനായിരുന്നു സംഭവം. ഇതിനുശേഷം അയ്യപ്പൻ മെഡിക്കൽ കോളേജ് പരിസരത്ത് ഒളിവിൽ കഴിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സാമൂഹ്യവിരുദ്ധരുടെ ശല്യം മെഡിക്കൽ കോളേജ് പരിസരത്ത് വ്യാപകമാണെന്ന പരാതിയെ തുടർന്ന് പൊലീസ് രാത്രി പരിശോധന കർശനമാക്കിയിരുന്നു. ഇന്നലെ രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അയ്യപ്പനെ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് പ്രതിയാണെന്ന് മനസിലായത്. മെഡിക്കൽ കോളേജ് എസ്.ഐ ആർ.എസ്. ശ്രീകാന്ത്, എ.എസ്.ഐ പുഷ്‌പരാജ്, സി.പി.ഒമാരായ ശ്രീനിവാസൻ, ബിജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നരുവാമൂട് പൊലീസിന് കൈമാറി.