dewaswom-board

ശബരിമല: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിര നിക്ഷേപങ്ങൾ പിൻവലിച്ച് ബോർഡ് ആസ്ഥാനത്തെ അക്കൗണ്ടിലേക്ക് മാറ്റുന്നു. ദേവസ്വം ബോർഡിന് കീഴിലെ ശാസ്താംകോട്ടയിലെ കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ കോളേജിന്റെ 90 ലക്ഷം രൂപ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ദേവസ്വം സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഒരു വർഷത്തേക്ക് മാറ്റാനാണ് ബോർഡ് ഉത്തരവിട്ടത്.

ബോർഡിന്റെ നേരിട്ട് നിയന്ത്രണമുള്ള കോളേജ് ഫണ്ടിലേക്കാണ് തുക മാറ്റുന്നതെങ്കിലും ഈ തുക മറ്റാവശ്യങ്ങൾക്ക് മാറ്റാൻ കഴിയുന്ന രീതിയിലാണ് നിക്ഷേപിക്കുന്നത്. മുൻപ് ബോർഡിന്റെ പല നിക്ഷേപങ്ങളും പിൻവലിക്കുകയോ പണയപ്പെടുത്തുകയോ ചെയ്താണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ബോർഡ്‌ സമാനമായ രീതിയിൽ കോളേജ് ഫണ്ടും വിനിയോഗിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പണം പ്രത്യേക ട്രസ്റ്റിന്റെ പേരിലാണ് നിക്ഷേപിക്കേണ്ടത്. ഇങ്ങനെ നിക്ഷേപിക്കുന്ന പണം വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ വകമാറ്റാൻ ചട്ടപ്രകാരം കഴിയില്ല. ഈ സാങ്കേതിക തടസം മറികടക്കാനാണ് ശാസ്താംകോട്ട കോളേജിന്റെ പണം ബോർഡ് ആസ്ഥാനത്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നത്.


സമാനമായ രീതിയിൽ ജീവനക്കാരുടെ പെൻഷൻ ഫണ്ടിൽ നിന്ന് 150 കോടി രൂപ മുൻപ് വകമാറ്റി ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകൾ വാങ്ങിയത് ദേവസ്വം ഓഡിറ്റ് വിഭാഗം എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് വകവയ്ക്കാതെ 2017 ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്ഥിര നിക്ഷേപങ്ങൾ പണയപ്പെടുത്തി 35 കോടി രൂപ ബോർഡ് വായ്പയെടുത്തു. 2018ൽ യുവതീ പ്രവേശനത്തെതുടർന്ന് ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം ഗണ്യമായി കുറഞ്ഞു. ഇതോടെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ദേവസ്വം ബോർഡിന് വകമാറ്റിയ തുക തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതി സംജാതമായി. കൂടുതൽ നിക്ഷേപങ്ങൾ പണയപ്പെടുത്തുകയോ വകമാറ്റുകയോ ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ചട്ടങ്ങൾ മറികടന്ന് സ്ഥിര നിക്ഷേപങ്ങൾ വകമാറ്റുന്നതിനെതിരെ നിയമ നടപടികൾ നടക്കുന്നതിനിടെയാണ് ബോർഡിന്റെ പുതിയ നീക്കം.