kt-jaleel

തിരുവനന്തപുരം : സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ഖജനാവിൽ നിന്ന് പണമെടുത്ത് വീണ്ടും മന്ത്രിയുടെ വിദേശ സന്ദർശനം. ഇത്തവണ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലാണ് വിദേശത്തേക്ക് പറക്കുന്നത്. വിദേശവിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനാണ് മന്ത്രിയുടെ മാലിദ്വീപ് സന്ദർശനമെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും കുടുംബാംഗങ്ങളും വിദേശത്തേക്ക് പറന്നതും തൊട്ടു പിന്നാലെ കോളേജ് യൂണിയൻ ചെയർമാൻമാരെ വിദേശത്തേക്ക് നേതൃത്വ പരിശീലനത്തിന് അയയ്ക്കാൻ തീരുമാനിച്ചതും വിവാദമായിരുന്നു.

ബിരുദ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സർക്കാർ കഴിഞ്ഞ ഒരു വർഷമായി സ്കോളർഷിപ്പ് നൽകാത്തത് ഫ്ളാഷ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് സ്കോളർഷിപ്പ് നൽകാത്തതിന് പിന്നിലെ കാരണമായി സർക്കാർ പറയുന്നത്. ഇതുകാരണം കേരളത്തിലെ വിവിധ സർവകലാശാല ക്യാമ്പസുകളിലെയും കോളേജുകളിലേയും വിദ്യാർത്ഥികൾ ഫീസടയ്ക്കാൻ പോലുമാകാതെ ബുദ്ധിമുട്ടുകയാണ്. അതിനിടെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ വിദേശത്തേക്ക് പറക്കാൻ തയ്യാറെടുക്കുന്നത്. കെ.ടി.ജലീലിനൊപ്പം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സാങ്കേതിക സർവകലാശാല പ്രോ വൈസ് ചാൻസലർ,​ എെ.എ.സി.ടി.ഇ ഡയറക്ടർ,​ അസാപ്പ് പ്രതിനിധി എന്നിവരും വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. വിമാനയാത്ര, താമസം, മാലിയിലെ യാത്രാ സൗകര്യം, ഫോൺ, നെറ്റ് എന്നിവയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും താമസത്തിനുള്ള ചെലവ് സർക്കാർ നൽകുമ്പോൾ കൂടെ പോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവ് സാങ്കേതിക സർവകലാശാല, അസാപ്പ്, എെ.എ.സി.ടി.ഇ തുടങ്ങിയ സ്ഥാപനങ്ങൾ വഹിക്കും.

മാലിയിലെ ഇന്ത്യൻ എംബസിക്ക് ചെലവാകുന്ന തുകയും സംസ്ഥാന സർക്കാർ നൽകും. ഇതൊന്നും പോരാതെ വിദേശ സന്ദർശനത്തിന് പ്രതിദിനം 60 അമേരിക്കൻ ഡോളർ അലവൻസ് നൽകാനും തീരുമാനമായിട്ടുണ്ട്. കേരളത്തിലെ എൻജിനിയറിംഗ്,​ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്ക് മാലിയിൽ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കാനാണ് യാത്ര. വിദേശ വിദ്യാർത്ഥികൾ എത്തിയാൽ സംസ്ഥാനത്തെ കോളേജുകളുടെ റാങ്കിംഗ് ഉയരുമെന്നാണ് സർക്കാർ ഭാഷ്യം. കൂടാതെ മാലിയുമായുള്ള ബന്ധം ദൃഢമാക്കാനും സന്ദർശനം സഹായിക്കുമെന്ന് സർക്കാ‌ർ വൃത്തങ്ങൾ പറയുന്നു.