red-124

''ഹാ..."

ആർത്തിയോടെ ശ്രീനിവാസകിടാവ് കുനിഞ്ഞ് കല്ലറയ്ക്കുള്ളിലേക്ക് കൈ നീട്ടി ഒരു സഞ്ചിയെടുത്തു.

പട്ടുതുണിയുടെ ഒരു നീളൻ പീസുകൊണ്ട് അതിന്റെ മൂടി കെട്ടിയിരിക്കുകയായിരുന്നു...

''അഴിച്ച് നോക്കിക്കേ ചേട്ടാ..."

ശേഖരനു തിടുക്കമായി.

കിടാവ് കെട്ടഴിച്ച് സഞ്ചിയുടെ മൂടി വിടർത്തി.

ശേഖരൻ അതിലേക്ക് എമർജൻസി ലാംപിന്റെ വെളിച്ചം പിടിച്ചു.

''ഹോ..."

മൂന്നു കണ്ഠങ്ങളിൽ നിന്നും ഒരേ സമയം ശബ്ദമുണ്ടായി.

സഞ്ചിക്കുള്ളിൽ വർണ്ണ ബൾബുകളുടെ തിളക്കം.

അവയുടെ പ്രതിഫലനം പല നിറത്തിലുള്ള മിന്നാമിനുങ്ങുകൾ കണക്കെ നിലവറയാകെ വ്യാപിച്ചു.

ശേഖരൻ സഞ്ചിയിലേക്കു കൈകടത്തി ഒരു പിടി രത്നങ്ങൾ വാരിയെടുത്തു.

നിലവറയുടെ മച്ചു മുഴുവൻ നക്ഷത്രങ്ങൾ പറ്റിപ്പിടിച്ചതു പോലെ പ്രകാശത്തിന്റെ പ്രതിഫലനം.

''സാറേ... ഞാനും ഇതൊന്നു തൊട്ടുനോക്കിക്കോട്ടേ?"

പരുന്ത് റഷീദ് ആവേശത്തോടെ തിരക്കി.

ശ്രീനിവാസകിടാവിന്റെ മുഖം മുറുകി.

''വേണ്ടാ... നിനക്ക് അർഹമായ വിഹിതം തരുന്നുണ്ട് ഞങ്ങൾ. ആ സമയത്ത് തൊട്ടുനോക്കിയാൽ മതി."

പരുന്ത് വിളറി.

മാത്രമല്ല അയാളുടെ ഉള്ളിൽ സംശയത്തിന്റെ ഒരു ചിലന്തി പൊടുന്നനെ വലകെട്ടുവാൻ തുടങ്ങി.

എല്ലാം കിട്ടിക്കഴിയുമ്പോൾ ഇവർ തനിക്ക് വിഹിതം തരുമെന്ന് എന്താ ഉറപ്പ്?

മാത്രമല്ല ആ നേരത്ത് തന്നെ ഇവർ കൊല്ലാനും മടിച്ചെന്നു വരില്ല.

സൂക്ഷിക്കണം!

ആ ചിന്ത പരുന്ത് തന്റെ മനസ്സിന്റെ ഭിത്തിയിൽ കോറിയിട്ടു. ഇനിയുള്ള തന്റെ ഓരോ ചലനവും കരുതലോടെയായിരിക്കണം.

കിടാക്കന്മാർ കല്ലറയിൽ നിന്ന് ബാക്കി സഞ്ചികൾ കൂടി എടുത്തു.

എല്ലാത്തിലും രത്നങ്ങളായിരുന്നു.

അതെല്ലാം ഒരു ഭാഗത്തേക്ക് ഭദ്രമായി മാറ്റിവച്ചിട്ട് ശ്രീനിവാസ കിടാവ് കണക്കുകൂട്ടി.

സഹസ്ര കോടികളുടെ രത്നങ്ങളുണ്ട്!

അയാൾ പരുന്തിനു നേർക്കു തിരിഞ്ഞു.

''ബാക്കി കല്ലറകകളും കൂടി പൊട്ടിക്കെടാ വേഗം. കഴിയുമെങ്കിൽ ഈ രാത്രി തന്നെ നമുക്കിവിടെനിന്നു പോകണം."

എത്ര വേഗത്തിൽ ഇവിടെ നിന്നു പോകുന്നോ അത്രയും സമയം വരയേ തനിക്ക് ആയുസ്സുണ്ടാകൂ എന്ന് പരുന്തിന് ഏതാണ്ട് തീർച്ചയായി.

അതിനാൽ തന്നെ അയാൾ വൈമുഖ്യം പ്രകടിപ്പിച്ചു.

''സാറമ്മാരേ... ഞാൻ വല്ലാതെ ക്ഷീണിച്ചുപോയി. കുറച്ചു സമയം വിശ്രമിച്ചിട്ട്..."

പരുന്ത് പൂർത്തിയാക്കുവാൻ സമ്മതിച്ചില്ല കിടാക്കന്മാർ.

''വിശ്രമിക്കാനല്ലേ ഒരുപാട് സമയമുള്ളത്? ഒരെണ്ണം കൂടിയെങ്കിലും പൊളിക്കെടാ."

അവരുടെ നിർബ്ബന്ധത്തിനു വഴങ്ങി പരുന്ത് മറ്റൊരെണ്ണം കൂടി പൊളിച്ചു.

എന്നാൽ അതിൽ അസ്ഥികൂടമായിരുന്നു. തുടർന്നു വേറൊരെണ്ണം.

അതും ശവശരീരം അടക്കം ചെയ്തതുതന്നെ...

''ഇനി എന്നെക്കൊണ്ട് കഴിയത്തില്ല സാറന്മാരേ... കുറച്ചു വിശ്രമിക്കണം."

പരുന്ത് തീർത്തു പറഞ്ഞു.

അതൃപ്തിയോടെയെങ്കിലും കിടാക്കന്മാർ സമ്മതിച്ചു.

രത്നം കണ്ടെത്തിയതിന്റെ സന്തോഷത്തിൽ അവർ ഭക്ഷണം കഴിക്കാൻ പോലും മറന്നുപോയിരുന്നു.

ശേഖരൻ കോവിലകത്തിന്റെ അടുക്കളയിലേക്കു നടന്നു.

*****

ഉച്ചയോടുകൂടി നിലമ്പൂരിൽ വാർത്ത പരന്നു.

ടിവി ചാനലുകളിൽ ന്യൂസ് പ്രത്യക്ഷപ്പെട്ടു.

ബലഭദ്രൻ തമ്പുരാന്റെ ഏക മകൾ ബംഗളൂരുവിൽ അതിദാരുണമായി കൊല്ലപ്പെട്ടു.

തുടർന്ന് വാർത്തയുടെ വിശദാംശങ്ങൾ...

ആൺ സുഹൃത്തുമൊത്ത് ബംഗളൂരുവിലെ ലാൽബാഗ് പാർക്കിൽ ഇരിക്കുമ്പോൾ അജ്ഞാതൻ തീവയ്ക്കുകയായിരുന്നു...

വാർത്തയറിഞ്ഞവർ അമ്പരന്ന് മൂക്കത്തു വിരൽ വച്ചു.

''തമ്പുരാന്റെ മോളോ? അതും ആൺ സുഹൃത്തുമായിട്ട്..."

തമ്പുരാനോടു വിധേയത്വം ഉള്ളവർക്കു പോലും ഈ സംഭവം നീരസമുണ്ടാക്കി.

''കേരളം വിട്ടുകഴിഞ്ഞാൽ പിന്നെ എന്തും ആകാമല്ലോ... അങ്ങോട്ടു ചെന്നു നോക്കിയാൽ അറിയാം ആണിന്റെയും പെണ്ണിന്റെയും പേക്കൂത്തുകൾ."

''എന്തിന്? വലിയവർക്ക് എന്തും ആകാമല്ലോ... വല്യവല്യ നേതാക്കന്മാരുവരെ ഇസഡ് കാറ്റഗറിയിൽ കൂട്ടുകാരികളുമായിട്ട് ഇവിടെ വന്ന് ഉല്ലസിച്ചിട്ടു പോകാറില്ലേ... വ്യഭിചാരത്തിന് കൂട്ടുകാരി എന്ന പേരും."

ചിലർ പുച്ഛിച്ചു.

വേറെ ചിലർ പറഞ്ഞു:

''ഏതായാലും വടക്കേ കോവിലകം ശാപം കിട്ടിയ ഒന്നുതന്നെയാ. ആദ്യം രാമഭദ്രൻ തമ്പുരാനും വസുന്ധര തമ്പുരാട്ടിയും. പാഞ്ചാലിമോള് ... പിന്നെ അനന്തഭദ്രൻ തമ്പുരാൻ. ഇപ്പോഴിതാ ബലഭദ്രൻ തമ്പുരാന്റെ മകൾ... തായ്‌വഴികളിൽ ഉള്ളവർ പോലും ഗുണം പിടിച്ചിട്ടില്ലെന്നാ പറയാറ്."

''പണ്ടുകാലത്ത് ഒരുപാടുപേരെ കൊന്നും പിടിച്ചടക്കിയും കഴിഞ്ഞിരുന്നവരല്ലേ? ഒക്കെയ്ക്കും ഒരു തിരിച്ചടി ഉണ്ടാകാതിരിക്കുമോ? കാലം കാത്തുവച്ചിരുന്ന വിധിയാകും ഈ തലമുറയ്ക്ക്."

അങ്ങനെ ജനങ്ങളുടെ അഭിപ്രായം പല തരത്തിലായി...

വിവരം അറിഞ്ഞപ്പോൾത്തന്നെ സി.ഐ അലിയാർ, ബലഭദ്രൻ തമ്പുരാനെ വിളിച്ചു.

''വിധിയെന്നു കരുതി ഒരിക്കലും സമാധാനിക്കില്ല അലിയാരേ ഞാൻ..."

ആ അവസ്ഥയിലും തമ്പുരാന്റെ ശബ്ദം തീ തുപ്പി.

''എന്റെ മോളെ കത്തിച്ചത് അവനാ. പ്രജീഷ്..."

''ങ്‌ഹേ?"

അലിയാർക്ക് അത് പുതിയ അറിവായിരുന്നു....

(തുടരും)