ഒരു സന്ദർശകൻ. പുരോഗമനവാദിയാണെന്നു മനസിലായി. അദ്ദേഹം ഒരു ചോദ്യമെറിഞ്ഞു:
''ജ്യോതിഷം ശരിയാണോ?"
ആധുനികശാസ്ത്രത്തിനു സ്വീകരിക്കത്തക്കതാണോ എന്നായിരിക്കാം ഉദ്ദേശിച്ചത്. ഞാൻ പറഞ്ഞു:
''പ്രപഞ്ചത്തിലും ജീവിതത്തിന്റെ ഗതിയിലും തെറ്റേത്, ശരിയേത് എന്നു തീരുമാനിക്കാനുള്ള അളവുകോലൊന്നും നമ്മുടെ കൈവശമില്ല. ആധുനികശാസ്ത്രത്തിന്റെ കൈവശവുമില്ല. യുക്തിവച്ചുകൊണ്ടു തീരുമാനിക്കാമെന്നു വച്ചാൽ, പ്രപഞ്ചത്തിലെ സംഭവങ്ങളൊന്നും നടക്കുന്നതു യുക്തിയനുസരിച്ചല്ല.
''ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും മറ്റും നില വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്നു ഗണിച്ചാണല്ലോ ജ്യോത്സ്യന്മാർ പ്രവചിക്കുന്നത്. അവർ ഗണിക്കുന്നതിലെ ഗണനാതന്ത്രം ആധുനികശാസ്ത്രത്തിന് പരിചയമുള്ളതല്ല. എന്നാൽ അവർ ഗണിച്ചു പറയുന്ന ഫലങ്ങൾ യാഥാർത്ഥ്യമായിത്തീരുന്ന അനുഭവമുള്ളതു കൊണ്ടാണല്ലോ ആളുകൾ വീണ്ടും വീണ്ടും ജ്യോത്സ്യന്മാരുടെയടുത്തു പോകുന്നത്.
''ഇരിക്കട്ടെ, ഡോക്ടർ കുറിച്ചുകൊടുക്കുന്ന മരുന്ന് കഴിച്ച് രോഗിയുടെ രോഗം മാറി സുഖം അനുഭവപ്പെടാറുണ്ടല്ലോ.
''ഉണ്ട്."
''ഈ മരുന്നുകൾ വെറും രാസവസ്തുക്കളാണ്. രോഗം മാറി സുഖം അനുഭവപ്പെടുന്നത് രാസപ്രവർത്തനമല്ല. ആ മരുന്നിന്റെ രാസപ്രവർത്തനം രാസപ്രവർത്തനമല്ലാത്ത സുഖപ്രാപ്തിയായിത്തീരുന്നതെങ്ങനെയെന്നു ഡോക്ടർക്കോ മെഡിക്കൽ സയൻസിനോ അറിയാമോ?"
''അറിയില്ല."
''രോഗം മാറുന്ന അനുഭവമുള്ളതുകൊണ്ട് ഇന്ന മരുന്ന് ഇന്ന രോഗത്തിനുള്ളതാണെന്നു ഡോക്ടർ തീരുമാനിക്കുന്നു എന്നു മാത്രം. അല്ലേ?"
''അതെ."
''അതുപോലെയാണ് ജ്യോതിഷത്തിന്റെ കാര്യത്തിലും. ജ്യോത്സ്യന്മാർ ഗണിച്ചു പറയുന്നത് ഫലിക്കുന്നുണ്ട് എന്ന് ആളുകൾക്ക് അനുഭവമുണ്ട്. അതിൽ കൂടുതലൊരു ശരി ജ്യോതിഷത്തിലില്ല. അതിൽ കൂടുതലൊരു ശരി ലോകർക്കു വേണ്ടതാനും.
''ചന്ദ്രന്റെ നിലയനുസരിച്ചു ഭൂമിയിലെ സമുദ്രത്തിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നത് നാം കാണാറുണ്ട്. അതായത്, ചന്ദ്രന്റെ നില ഭൂമിയിലെ പ്രതിഭാസങ്ങളെ സ്വാധീനം ചെയ്യുന്നു. ചന്ദ്രന്റെ നില മനുഷ്യമനസുകളെയും സ്വാധീനിക്കാറുണ്ട്. അതുപോലെ ഏതെല്ലാം ഗ്രഹങ്ങളുടെ നില എന്തിനെയെല്ലാം സ്വാധീനിക്കുന്നുണ്ട് എന്ന് ആർക്കറിയാം? അങ്ങനെയുള്ള സ്വാധീനങ്ങളെ ചില പ്രത്യേക തരത്തിലുള്ള ഗണനകൾ വച്ചുകൊണ്ട് ജ്യോത്സ്യന്മാർ ഗണിച്ചു പറയുന്നു. അതിൽ മിക്കതും ശരിയായി വരുന്നതായി ആളുകൾക്ക് അനുഭവവുമുണ്ട്. അനുഭവമാകാത്തതിനെ പലരും മറന്നുകളയുകയും ചെയ്യുന്നു.
''ഏതു തരം ഗണന ശരി, ഏതുതരം ഗണന തെറ്റ് എന്നെങ്ങനെ തീരുമാനിക്കും?"