കേരളത്തിൽ പെയ്യുന്ന മഴവെള്ളമെല്ലാം പെയ്യുന്ന മാത്രയിലേ ഒഴുകിയൊലിച്ച് പടിഞ്ഞാറ് കടലിൽച്ചെന്ന് നിപതിക്കുന്നത് കാരണം വേനലൊന്ന് കടുത്താൽ തീർന്നു കഥ! വരൾച്ച രൂക്ഷം, കേന്ദ്രസംഘം വരേണ്ടിവരും എന്നെല്ലാം ആളുകൾ നിലവിളിച്ച് തുടങ്ങിക്കോളും. റവന്യൂ എന്നൊരു തൊട്ടാൽ കടിക്കുന്ന ഏടാകൂടം വകുപ്പെടുത്ത് തലയിൽ പേറേണ്ടിവന്ന ഹതഭാഗ്യൻ ചന്ദ്രശേഖരൻ മന്ത്രിക്കാണ് പണി ! ഫാക്സയച്ച് കേന്ദ്രക്കാരെ വരുത്തണം, ഹെലികോപ്റ്ററിൽ ചുറ്റിക്കറക്കിക്കണം, അങ്ങനെയെന്തെല്ലാം !
ഇതൊക്കെക്കൊണ്ടാണ് വെള്ളം, വെള്ളം സർവത്ര, കിട്ടാനില്ലൊരു തുള്ളി എന്ന ദു:സ്ഥിതി അനുവദിക്കാൻ പിണറായി സഖാവിന്റെ സ്വന്തം റിപ്പബ്ലിക്കിൽ ആരെയും, ഏത് ചെന്നിത്തലഗാന്ധിയെയും, അനുവദിക്കാതിരിക്കുന്നത്. മഴയില്ലെങ്കിൽ പിന്നെ ഒരിറ്റ് വെള്ളം കാണാൻ അങ്ങ് ലക്ഷദ്വീപിൽ പോകേണ്ട സ്ഥിതിയാണെന്ന് കൊച്ചിക്കാർ, സർവോപരി പാലാരിവട്ടത്തുകാർ പറയുന്നത് നേരാണ്. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ജനം വോട്ട് ചെയ്യാൻ പോകുമ്പോൾ വെള്ളത്തിൽ നീന്തിപ്പോകാൻ അവസരമൊരുക്കുന്നത് അത്യുത്തമമാകുമെന്ന് കൊച്ചി കോർപറേഷൻകാർ കരുതിയത് അതുകൊണ്ടായിരുന്നു. വരൾച്ചയായാൽ സ്ഥിതി, ഏ.കെ അന്തോണിസാർ പറയുന്നത് പോലെ 'പൈശാചികം"ആണ്. കൊച്ചി കോർപ്പറേഷൻകാർക്ക് ആ ഉപതിരഞ്ഞെടുപ്പിൽ നല്ല ബുദ്ധി തോന്നിയത് കാരണം കോർhറേഷനിലെ ഡെപ്യൂട്ടിമേയർ ടി.ജെ.വിനോദിനെ വളരെ പാടുപെട്ട് വിനോദെമ്മെല്ലേയെങ്കിലുമാക്കിക്കൊടുത്തു. (മഴയൊന്ന് കൂടി കടുപ്പിച്ചിരുന്നെങ്കിൽ അത് സാദ്ധ്യമാകുമായിരുന്നില്ലെന്ന് പറയുന്ന ദോഷൈകദൃക്കുകളുമുണ്ട്, അവരെ മൈൻഡ് ചെയ്യണ്ട!)
മഴക്കുഴിക്കുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തേണ്ടത് ഇത്തരം സാഹചര്യങ്ങളിലാണെന്ന് ജല അതോറിറ്റിക്കാർക്കോ പൊതുമരാമത്തുകാർക്കോ, എന്തിനേറെപ്പറയുന്നു നമ്മുടെ സ്വന്തം കിഫ്ബിക്കാർക്കോ (വാത്സല്യം കൂടിപ്പോയ കൂട്ടർ മാത്രം കിംഫിയെന്ന് വിളിക്കുന്നതിൽ അപാകതയില്ല) ആരും പറഞ്ഞുകൊടുക്കേണ്ട. നിലമറിഞ്ഞ് വിത്തിടാൻ ബഹുമിടുക്കരാണ് കൂട്ടർ. അതുകൊണ്ടാണ് ഒരു നിരത്തിലൊരു കുഴി എന്ന പുതിയ പദ്ധതി അവർ ആവിഷ്കരിച്ച് തുടങ്ങിയത്. പാഠം ഒന്ന് പാടത്തേക്ക്, എല്ലാവരും പാടത്തേക്ക്, കോഴിക്കോട് പട്ടണത്തെ വിശപ്പ് രഹിതമാക്കാനുള്ള സുലൈമാനി എന്ന് തുടങ്ങി പിണറായി സഖാവിന്റെ നാട്ടിലെ പുത്തൻപദ്ധതികളോട് എന്തുകൊണ്ടും കിടപിടിക്കാൻ തക്ക ബലം ഒരു നിരത്തിലൊരു കുഴി പദ്ധതിക്ക് കൈവന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ഒരു നിരത്തിൽ ഒരു കുഴി പദ്ധതിയുടെ ആദ്യപരീക്ഷണമാണ് പാലാരിവട്ടത്ത് കഴിഞ്ഞ ദിവസം നടന്നത് എന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.പാലാരിവട്ടത്ത് ഒരു ജീവന്റെ വിലയല്ലേ നൽകേണ്ടി വന്നിട്ടുള്ളൂ. ഇനിയെത്ര ജീവനുകൾ നൽകാനിരിക്കുന്നു. കിംഫി മരാമത്ത് വകുപ്പിന് കാശുകൊടുത്ത് റോഡ് നന്നാക്കിക്കിട്ടുമെന്ന് അടുത്തകാലത്തൊന്നും ആരും കരുതേണ്ടതില്ല. അതിന്റെ ഇരിപ്പുവശം അങ്ങനെയാണ്. അതുകൊണ്ട് ഒരു നിരത്തിലൊരു കുഴി വിജയകരമായി കളിയിക്കാവിള തൊട്ട് മഞ്ചേശ്വരം വരെ പൂർത്തിയാക്കാൻ അടുത്ത ഒന്നരവർഷം തന്നെ ധാരാളം!
നാടോടുമ്പോൾ നടുവേ ഓടണം എന്നാണ് പിണറായി സഖാവിന്റെ പ്രമാണം. നാട് വികസനം തായോ, വികസനം തായോ എന്ന് പറഞ്ഞിങ്ങനെ നിൽക്കുമ്പോൾ എങ്കിൽപ്പിന്നെ ജപ്പാൻ, ജപ്പാൻ എന്ന് പറയാനാകണം. ആൾ ജപ്പാനാകുന്നത് അങ്ങനെയാണ്. വികസനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് നാട് കടക്കാൻ വെമ്പി നിൽക്കുമ്പോൾ അത് ജപ്പാൻ കടന്ന് കൊറിയ വഴി ലണ്ടനിലൂടെ കറങ്ങിത്തിരിഞ്ഞായിരിക്കണം എന്ന് പിണറായി സഖാവ് ചിന്തിച്ചെങ്കിൽ അതിനെയാരും കുറ്റം പറയരുത്. ചെന്നിത്തലഗാന്ധി പറഞ്ഞോട്ടെ. പ്രതിപക്ഷമായാൽ എന്തെങ്കിലുമിങ്ങനെ കുറ്റം പറഞ്ഞുകൊണ്ടേയിരിക്കണം എന്ന തെറ്റിദ്ധാരണ കൊണ്ടാണത് എന്ന് പിണറായി സഖാവിനറിയാം.
സഖാവ് ജപ്പാനിലേക്ക് പോയത് യുവതയുടെ കാര്യമോർത്തിട്ടായിരുന്നു. അവിടെ ഓരോ കൂടിക്കാഴ്ചയിലും യുവജനങ്ങളുടെ താത്പര്യം ഉറപ്പിക്കാനായെന്ന് സഖാവ് പറയുകയുണ്ടായി. സഖാവ് ഊണിലും ഉറക്കത്തിലും സ്വപ്നം കാണുന്നത് വള്ളിനിക്കറുമിട്ട് നടക്കുന്ന തെണ്ടിപ്പരിഷകളെയല്ല, പിന്നെയോ നല്ല കോട്ടും സൂട്ടുമിട്ട് പറക്കുന്ന യുവപ്പറവകളെയാണ്. അവറ്റകളെ ലണ്ടനിലയച്ച് ജലീൽമന്ത്രിയുടെ നിലവാരത്തിലുള്ള അത്യുഗ്രൻ പരിശീലനം തരപ്പെടുത്തിക്കൊടുക്കാമെന്ന് വിചാരിച്ചതും അതുകൊണ്ടാണ്. ലണ്ടനിൽ നിന്ന് പരിശീലിച്ച് കേരളത്തിലെത്തുന്ന യുവസിങ്കങ്ങളെ പിന്നെ തിരോന്തോരത്തെ യൂണിവേഴ്സിറ്റി കോളേജിൽ കൊണ്ടിരുത്തി വേണം പരിശീലനത്തിന്റെ അടുത്ത ഘട്ടം സാധിക്കാൻ. പണം ചെലവിടുന്നതിന് മുൻഗണനാക്രമം കൊണ്ടുവരണം, രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളെടുത്ത് ശംഖുംമുഖം കടലിലെറിയുന്നത് പോലെ ആപ്പയൂപ്പകളെ ലണ്ടനിലയച്ച് കളയാനുള്ളതല്ല കാശ് എന്നെല്ലാം കാനം സഖാവ് പറഞ്ഞിട്ടുണ്ടാവും. സഖാവിന് നാടോടുമ്പോൾ പുറന്തിരിഞ്ഞോടുന്നതാണ് ശീലമെന്നുള്ളതിനാലാണ് അങ്ങനെ പറയുന്നത്. കാനം സഖാവിനെയും നോക്കി വികസനം നടത്താൻ നിന്നാൽ വികസനം വേറെ വഴിക്കങ്ങ് പോകും, നമ്മളവിടെ നിന്നേടത്ത് ആയിപ്പോവുകയും ചെയ്യും. അതുകൊണ്ട് ഇനിയുള്ള ഒന്നരക്കൊല്ലത്തെ വികസനമാണ് വികസനമെന്ന് മനസിലാക്കി കാര്യങ്ങളെ ചലിപ്പിക്കുക, എന്തേ !
ഇ-മെയിൽ: dronar.keralakaumudi@gmail.com