soniya

തിരുവനന്തപുരം: കേന്ദ്ര സ‌ർക്കാരിന്റെ നാഷണൽ വുമൺ ബയോസയന്റിസ്റ്റ് പുരസ്കാരം ഡോ. ഇ.വി. സോണിയയ്ക്ക്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ മോളിക്യുലർ ഫൊറൻസിക് ആൻഡ് ഡി.എൻ.എ ടെക്നോളജീസ് ചീഫ് സയന്റിഫിക് ഓഫീസറാണ്. സസ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ മലയാളി ശാസ്ത്രജ്ഞയായ ഇ.കെ. ജാനാകിയമ്മാളിന്റെ പേരിൽ വനിതകൾക്ക് നൽകുന്ന സമഗ്ര സംഭവാനയ്ക്കുള്ള പുരസ്കാരമാണിത്.

പുറ്റിങ്ങൾ, ഓഖി ദുരന്തങ്ങളിൽപ്പെട്ടവരുടെ മൃതദേഹം ഡി.എൻ.എ, ഫിംഗർ പ്രിന്റ് പരിശോധനകളിലൂടെ തിരിച്ചറിയാൻ നടത്തിയ ശ്രമങ്ങളും മറ്റ് പഠങ്ങളും പരിഗണിച്ചാണ് അഞ്ചുലക്ഷം രൂപയുടെ പുരസ്‌കാരം നൽകുന്നത്.

തൃശൂർ തൃപ്രയാർ സ്വദേശിയായ സോണിയ പി.എച്ച്.ഡി പൂർത്തിയാക്കിയ ശേഷം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടുവർഷത്തിന് ശേഷം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെത്തി. 2017ൽ നാഷണൽ അക്കാഡമി ഒഫ് ബയോടെക്നോളജിക്കൽ സയൻസിലെ മികച്ച ശാസ്ത്രജ്ഞയായി തിരഞ്ഞെടുത്തിരുന്നു. ഭർത്താവ് ഗോവിന്ദൻ പോറ്റി ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞനാണ്.