കല്ലമ്പലം: വർഷങ്ങളായി തരിശായിക്കിടന്ന നെൽപ്പാടം നെൽകൃഷിയിറക്കി നൂറുമേനി വിളയിച്ച്‌ കർഷകർ. നാവായിക്കുളം കൃഷിഭവന്റെയും ഭരണിക്കാവ് പാടശേഖരസമിതിയുടെയും അമ്പതോളം കർഷകർ ചേർന്നാണ് ഇരുപതേക്കർ വരുന്ന നാവായിക്കുളം പഞ്ചായത്തിലെ ഭരണിക്കാവ് ഏലായിൽ കൃഷിയിറക്കിയത്. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കൊയ്ത്ത് യന്ത്രമാണ് കർഷകർക്ക് നെല്ല് കൊയ്ത് ചാക്കിലാക്കി നൽകിയത്. അടുത്ത പ്രാവശ്യം മുതൽ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുമെന്നും നെല്ലുൽപന്നങ്ങളായ നാടൻ അരിമാവ്, കുറിയരി തുടങ്ങിയ ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് സമിതി ഭാരവാഹികളായ സലാഹുദ്ദീൻ, ജിഹാദ്, എം.ആർ. നിസാർ എന്നിവർ പറഞ്ഞു.