എറണാകുളം പാലാരിവട്ടത്ത് വ്യാഴാഴ്ച രാവിലെ റോഡിലെ കുഴിയിൽ വീണ് യദുലാൽ എന്ന ഇരുപത്തിമൂന്നുകാരൻ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ ഹൈക്കോടതി യുവാവിന്റെ മാതാപിതാക്കളോട് മാപ്പപേക്ഷിച്ചു. അത്യസാധാരണമാണ് ഉന്നത നീതിപീഠത്തിന്റെ ഈ നടപടി. എറണാകുളത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ പലവട്ടം ഹൈക്കോടതി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. പരിഹാര നടപടി ഉണ്ടായില്ലെങ്കിൽ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് കർക്കശ ഭാഷയിൽ മുന്നറിയിപ്പും നൽകിയിരുന്നു. പറഞ്ഞിട്ടെന്താ കാര്യം. ഒരു നടപടിയും എടുത്തില്ല. പൈപ്പ് പൊട്ടിയുണ്ടായ റോഡിലെ ചെറുകുഴി ഗർത്തമായി മാറിയിട്ടും അത് മണ്ണിട്ടെങ്കിലും മൂടാൻ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. തിരക്കുള്ള റോഡിൽ ഇത്തരത്തിലൊരു പാതാളക്കുഴി വാഹനയാത്രക്കാർക്ക് മരണത്തിലേക്കുള്ള വഴിയാണെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ അതിനു നേരെ കണ്ണടച്ചു. കുഴി ഉണ്ടെന്ന് കാണിക്കാൻ അതിനു മുകളിൽ സ്ഥാപിച്ച ഏതോ പരസ്യ ബോർഡ് റോഡിലേക്കു തള്ളിനിന്നതിൽ തട്ടിവീണാണ് യദുലാൽ എന്ന ചെറുപ്പക്കാരൻ പിന്നാലെ വന്ന ലോറി കയറി ചതഞ്ഞരഞ്ഞു മരിച്ചത്.
''കാറിൽ കറങ്ങി നടക്കുന്ന ഉദ്യോഗസ്ഥർക്ക് സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസിലാവില്ല. ഉദ്യോഗസ്ഥർക്കു മേലുള്ള വിശ്വാസം നഷ്ടമായി. റോഡ് നന്നാക്കാൻ ഇനി എത്രപേർ മരിക്കണം" - ഉദ്യോഗസ്ഥ തലത്തിലുള്ള അനാസ്ഥ കണ്ട് സഹികെട്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വെള്ളിയാഴ്ച ഈ പരാമർശം നടത്തിയത്. എറണാകുളത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതാണ് ഇതുമായി ബന്ധപ്പെട്ട ഏതാനും ഹർജികൾ പരിഗണിക്കവെ കോടതിയുടെ രോഷം അണപൊട്ടി ഒഴുകാൻ കാരണമായത്. സങ്കടകരമായ ഈ സ്ഥിതിവിശേഷത്തിൽ കോടതി പോലും തോറ്റുപോയിരിക്കുന്നു എന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഖേദപൂർവം പറഞ്ഞത്. നാണിച്ചു തലതാഴ്ത്തുകയാണെന്നു കൂടി അദ്ദേഹം പറഞ്ഞു. കുഴിയിൽ വീണു മരിച്ച യുവാവിന്റെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച ജഡ്ജി യഥാർത്ഥത്തിൽ ഇവിടത്തെ സംവിധാനങ്ങളുടെ കൊടിയ പരാജയം അതിരൂക്ഷമായ വാക്കുകളിലൊതുക്കുകയാണു ചെയ്തത്. ഈ സംഭവത്തിൽ കോടതിയല്ല മാപ്പിരക്കേണ്ടതെന്ന് പൗരസമൂഹത്തിന് വ്യക്തമായും അറിയാം. എല്ലാം കണ്ടറിഞ്ഞു ചെയ്യേണ്ട, നടപടിയെടുക്കാൻ ബാദ്ധ്യസ്ഥരായ സർക്കാർ തന്നെയാണ് ഈ ദുരന്ത സംഭവത്തിനിരയായ യുവാവിന്റെ കുടുംബത്തോടു മാപ്പു ചോദിക്കേണ്ടത്. അതുപക്ഷേ ഉണ്ടായില്ല.
സംസ്ഥാനത്ത് ദിവസേന ഉണ്ടാകുന്ന വാഹനാപകട മരണങ്ങളിൽ ഒന്നായി മാത്രം കണ്ട് സംഭവം ലഘൂകരിക്കാനുള്ള വ്യഗ്രതയാണ് സർക്കാർ തലത്തിൽ കണ്ടത്. മരാമത്തു വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ പതിവിൻപടി സസ്പെൻഡ് ചെയ്തു. അപകട മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവും ഇറക്കി. മരണമടഞ്ഞ യുവാവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നടപടി എടുക്കുമെന്ന് ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ ബോധിപ്പിക്കുകയും ചെയ്തു. ഇത്രയൊക്കെ പോരേ എന്ന മട്ടിൽ കാര്യങ്ങൾ അവസാനിപ്പിക്കാനുള്ള ധൃതി വളരെ പ്രകടമാണ്. അടുത്തയാഴ്ച നടക്കുന്ന മന്ത്രിസഭായോഗം നഷ്ടപരിഹാര വിഷയത്തിൽ തീരുമാനമെടുത്തേക്കും. ഖജനാവിൽ നിന്ന് തുക സന്തപ്ത കുടുംബത്തിനു കൈമാറാൻ നിർദ്ദേശവും പുറപ്പെടുവിക്കും. ജലവിഭവ വകുപ്പിലെയും മരാമത്ത് വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടു മാത്രം സംഭവിച്ച ഈ അപകട മരണത്തിന് പൊതുഖജനാവ് ഉത്തരവാദിയാകേണ്ട കാര്യമില്ല. നഷ്ടപരിഹാരത്തിനുള്ള തുക ഈടാക്കേണ്ടത് ജലവിഭവ - മരാമത്തു വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു തന്നെയാകണം. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം സംഭവിച്ച അപകട മരണത്തിന് നാട്ടുകാരുടെ നികുതിപ്പണമെടുത്ത് നഷ്ടപരിഹാരം നൽകുന്നത് അധാർമ്മികമാണ്. ഏതാനും ദിവസം സസ്പെൻഷനിൽ നിറുത്തിയതുകൊണ്ട് ഇല്ലാതാകുന്നതല്ല ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതരമായ ചുമതലാ രാഹിത്യം. അവർക്കു തന്നെയാകണം നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യതയും. ഇതുപോലുള്ള ഔദ്യോഗിക വീഴ്ചകളുടെ പാപഭാരം എപ്പോഴും സർക്കാർ തന്നെ ഏറ്റെടുക്കുന്നതു കൊണ്ടാണ് ഉദ്യോഗസ്ഥന്മാർ തങ്ങളുടെ ചുമതലകൾ മറന്നുകൊണ്ട് പെരുമാറുന്നത്. കൃത്യനിർവഹണത്തിൽ സംഭവിക്കുന്ന വീഴ്ചകൾക്ക് കണക്കു പറയേണ്ടിവരുമെന്നും ശമ്പളത്തിൽ വലിയ കുറവുണ്ടാകുമെന്നും വന്നാൽ അവർ കൂടുതൽ ബോധവാന്മാരാകും. റോഡുകളും പാലങ്ങളും നല്ല നിലയിൽ പരിപാലിക്കാൻ നടപടി ഉണ്ടാകും. റോഡിൽ രൂപപ്പെടുന്ന കുഴികൾ അപ്പപ്പോൾ കണ്ടുപിടിച്ച് ശരിയാക്കാൻ നടപടി എടുക്കും. കൂടക്കൂടെ ഫീൽഡിലിറങ്ങി പരിശോധന നടത്താനും കീഴുദ്യോഗസ്ഥന്മാർക്ക് അപ്പപ്പോൾ നിർദ്ദേശങ്ങൾ നൽകി പ്രശ്നപരിഹാരമുണ്ടാക്കാനും ഉന്നത ഉദ്യോഗസ്ഥർ തയ്യാറാകും. അതിനാൽ യദുലാലിന്റെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരത്തുക നിശ്ചയമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നുതന്നെ ഈടാക്കാൻ കഴിയണം. അതിനു നിലവിലുള്ള നിയമവും ചട്ടവും എതിരാണെങ്കിൽ അനുയോജ്യമായ പുതിയ നിയമം ഉണ്ടാക്കണം. സമൂഹത്തോടുള്ള സർക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമാണത്.
വാട്ടർ അതോറിട്ടി - മരാമത്ത് - വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലം എത്രയധികം ജീവനുകളാണ് ഹോമിക്കപ്പെടുന്നത്. സേവന മേഖലകളിൽ പ്രവൃത്തിയെടുക്കുന്നവർ കൂടുതൽ ഉയർന്ന ചുമതലാബോധം കാണിക്കേണ്ടവരാണ്. നിർഭാഗ്യവശാൽ ഏറ്റവുമധികം അനാസ്ഥ കാണപ്പെടുന്നത് ഈ വിഭാഗക്കാരിൽ നിന്നാണ്. അതേസമയം തങ്ങളിൽ അർപ്പിച്ച വലിയ ഉത്തരവാദിത്വം ഒരു പണമിട പോലും തെറ്റാതെ നൂറുശതമാനവും കാര്യക്ഷമതയോടും അർപ്പണബോധത്തോടും കൂടി നിറവേറ്റുന്ന ഒരു വിഭാഗവുമുണ്ട്. ഫയർ ആൻഡ് റസ്ക്യൂ വിഭാഗം. ഒരു ഫോൺ സന്ദേശത്തിൽ ഏതു ദുർഘടം പിടിച്ച ദുരന്തമുഖത്തും പറന്നെത്തുന്ന അവർ നാടിന്റെയും ജനങ്ങളുടെയും രക്ഷകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നവരാണ്. അവരും സർക്കാർ ജീവനക്കാരാണെന്ന് ഓർക്കണം. ഇതുപോലെയാകാൻ മറ്റു സർവീസ് വിഭാഗങ്ങളിലുള്ളവർക്കും കഴിയണം. മനസുവച്ചാൽ കഴിയാവുന്നതേയുള്ളൂ. റോഡ് കുഴിച്ചു കുളമാക്കുന്ന വാട്ടർ അതോറിട്ടിക്കാരും റോഡിലെ പാതാളക്കുഴിക്കു നേരെ കണ്ണടയ്ക്കുന്ന മരാമത്തുകാരുമൊക്കെ ഉത്തരവാദിത്വബോധം പുറത്തെടുക്കാൻ കോടതി തന്നെ ഇടപെടണമെന്ന സ്ഥിതി ഉണ്ടാകുന്നത് സർക്കാരിന് നാണക്കേടാണ്.