കല്ലമ്പലം:നാവായിക്കുളത്തിന് സമീപത്തെ പറകുന്ന് കുണ്ടുമൺകാവ് ക്ഷേത്രത്തിൽ കവർച്ചയും വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചാ ശ്രമവും നടന്നു. ക്ഷേത്രത്തിനു സമീപത്തെ മാവിൻമൂട് സ്വദേശി ബാബുവിന്റെയും പന്തുവിള സുധീരന്റെയും കടകളിലും നൂറു മീറ്ററോളം അകലെയുള്ള റഹ്മാസ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിലും ഇടത്തറക്കാവിലുമാണ് കവർച്ചാ ശ്രമമുണ്ടായത്. ക്ഷേത്രത്തിനോട് ചേർന്നുള്ള ഓഫീസിന്റെ പൂട്ടു തകർത്ത് 15000 രൂപയും സ്വർണ പൊട്ടുകളടക്കം വിലപിടിപ്പുള്ള സാധനങ്ങളും കവർന്നു. രാവിലെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവർച്ച നടന്നത് അറിഞ്ഞത്. ഗ്യാസ് ഗോഡൗണിന്റെ മുൻവശത്തെ ഗേറ്റിന്റെ പൂട്ടുതകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർക്കുകയും ഗോഡൗണിനകത്തുള്ള സാധനങ്ങൾ വലിച്ചുവാരിയിടുകയും ചെയ്തു. സമീപത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇന്നലെ പുലർച്ചെ 2.35 ന് രണ്ടംഗ സംഘം ഇടത്തറക്കാവിന്റെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ക്ഷേത്ര ഭാരവാഹികളുടെയും മറ്റുള്ളവരുടേയും പരാതിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തി. മോഷ്ടാക്കൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.