si

തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ ബ്യൂറോ ഓഫ് എമിഗ്രേഷനിൽ ജോലി ചെയ്തിരുന്ന എസ്.ഐ മാരുടെ മാനസികസമ്മർദ്ദം കുറയ്ക്കാൻവേണ്ടി ഡെപ്യുട്ടേഷനിൽ വിട്ടു. സമ്മർദ്ദം കുറഞ്ഞു തിരിച്ചെത്തിയപ്പോഴോ നിയമനമില്ല. ഇതോടെ സമ്മർദ്ദം നേരത്തെയുണ്ടായിരുന്നതിനേക്കാൾ പത്തിരട്ടിയായി.

ജീവിക്കണോ, ആത്മഹത്യ ചെയ്യണോ എന്ന രീതിയിലേക്ക് എസ്.എെമാരുടെ മാനസിക പിരിമുറുക്കം മാറുകയാണ്. സംസ്ഥാനത്തെ ഏഴ് പൊലീസ് ബറ്റാലിയനുകളിൽ നിന്നായി തിരുവനന്തപുരം, കൊച്ചി. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി നോക്കിയ 21 സീനിയർ എസ്.ഐ മാരാണ് മാസങ്ങളായി നിയമനം കാത്ത് കഴിയുന്നത്. സസ്പെഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾക്ക് ഇരയാകുന്നവർക്കുപോലും ഉപജീവനപ്പടിയ്ക്ക് അർഹതയുണ്ടെന്നിരിക്കെ രണ്ട് പതിറ്റാണ്ടിലേറെ പൊലീസ് സേനയിൽ സേവനം അനുഷ്ഠിച്ച ഇവ‌ർക്ക് അടിസ്ഥാന ശമ്പളവും നൽകുന്നില്ലെന്നതാണ് കഷ്ടം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന പൊലീസ് ബറ്റാലിയനിൽ നിന്ന് 35 പേരാണ് ബ്യുറോ ഓഫ് എമിഗ്രേഷനിൽ ഡെപ്യുട്ടേഷനിൽ പോയത്. മൂന്നും അതിലേറെയും വർഷം ഡെപ്യുട്ടേഷനിൽ ജോലി ചെയ്തവരെ ഈ സർക്കാർ അധികാരത്തിൽ വന്നശേഷമാണ് പൊലീസ് അസോസിയേഷൻ ഇടപെട്ട് തിരികെ വിളിച്ചത്. പകരം തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കുകയും ചെയ്തു. തിരികെ വന്ന 35 പേരിൽ 14 പേർക്ക് പകരം നിയമനം നൽകി. ശേഷിക്കുന്ന 21 പേരുടെ കാര്യത്തിൽ തീരുമാനമായില്ല. ഇവരുടെ കാര്യത്തിൽ നിയമനം നൽകാൻ അസോസിയേഷനും സർക്കാരും ഇടപെടാത്തതാണ് ശമ്പളംപോലുമില്ലാത്ത ദുരവസ്ഥയ്ക്ക് കാരണം.

ക്യാമ്പുകളിൽ വെയിറ്റിംഗ് ഫോർ പോസ്റ്റിംഗെന്ന നിലയിൽ മാസങ്ങളായി നിയമനം കാത്ത് കഴിയുകയാണ് ഇവർ. ക്യാമ്പുകളിൽ ഇവർ ഡെപ്യൂട്ടേഷനിൽ പോയ അവസരത്തിൽ പകരം നിയമിച്ചവരെ ഡി പ്രമോട്ട് ചെയ്തോ ക്യാമ്പിലെ സി.ഐ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയോ വേണം ഇവർക്ക് നിയമനം നൽകാൻ. ഇതിനായി ക്യാമ്പിൽ തിരികെ എത്തിയ ദിവസം മുതൽ പൊലീസ് ആസ്ഥാനത്തും ബറ്റാലിയൻ മേധാവികളുടെ മുന്നിലും കയറിയിറങ്ങുകയാണ് രണ്ട് പതിറ്റാണ്ടിലേറെ സേനയെ സേവിച്ച പൊലീസുദ്യോഗസ്ഥർ. ഹൗസിംഗ് ലോണും കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും നിത്യചെലവുകൾക്കും മാർഗമില്ലാതെ വിഷമിക്കുകയാണ് ഇവരിൽ പലരും. പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൗൺസിലിംഗും യോഗയുമുൾപ്പെടെ പരിപാടികൾ ആവിഷ്കരിക്കുന്നതായി സർക്കാരും ആഭ്യന്തരവകുപ്പും കൊട്ടിഘോഷിക്കുമ്പോൾ തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് മടങ്ങിയെത്തിയവ‌രെ മാനസികമായി തളർത്തിയിരിക്കുകയാണ്.