തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപത്തിന്റെ മൂന്നാംഘട്ടം ഇന്നലെ രാത്രി പൊന്നുംശീവേലിയോടെ സമാപിച്ചു. ഏഴുമുറകളിൽ നാലാംമുറ ഇന്ന് ആരംഭിക്കും. സ്വർണനിർമിതമായ ഇന്ദ്രവാഹനത്തിലാണ് മൂന്നാംമുറയുടെ ശീവേലിക്കായി ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം എഴുന്നെള്ളിച്ചത്. രാത്രി 8.15ന് കൊടിമരച്ചുവട്ടിൽ വെള്ളിവാഹനത്തിൽ തെക്കേടത്ത് നരസിംഹ മൂർത്തിയെയും എഴുന്നെള്ളിച്ചു. തെക്കേ ശീവേലിപ്പുരയിൽ നിന്ന് മുകളിൽ പെരുമ്പറ കെട്ടിയ ആന വിളംബരം അറിയിച്ച് ആദ്യം നീങ്ങി. എഴുന്നെള്ളത്തിന് മുന്നിൽ അകത്തെ പ്രവൃത്തിക്കാരൻ ഉറയിലിട്ട വാളുമായി നീങ്ങി. രാജകുടുംബത്തിലെ ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ്മ കൂപ്പുകൈകളോടെ വിഗ്രഹങ്ങൾക്ക് അകമ്പടി പോയി. ക്ഷേത്രം ഉദ്യോഗസ്ഥരും പോറ്റിമാരും വശങ്ങളിൽ നിലയുറപ്പിച്ചു. മുറജപത്തിൽ പങ്കെടുക്കുന്ന വൈദികരും ഭക്തരും എഴുന്നെള്ളത്തിന് പിന്നാലെ മന്ത്രജപവുമായി ഒഴുകി. പടിഞ്ഞാറെ നടയിലെത്തിയപ്പോൾ തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെ ഒപ്പം എഴുന്നെള്ളിച്ചു. ആദ്യത്തെ പ്രദക്ഷിണത്തിൽ പടിഞ്ഞാറെ നടയിൽ പ്രത്യേക പൂജയും ദീപാരാധനയും ഉണ്ടായിരുന്നു. മൂന്ന് പ്രദക്ഷിണത്തോടെ ശീവേലി സമാപിച്ചു. ശീവേലി തൊഴാൻ ക്ഷേത്രമതിലകത്ത് നിരവധി ഭക്തർ കാത്തുനിന്നു. മുറജപത്തിന്റെ സമാപനമായി 31 നാൾ കഴിഞ്ഞ് ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷദീപത്തിന് മുന്നോടിയായി ശീവേലിപ്പുരയിൽ അധികം ദീപച്ചാർത്ത് ഒരുക്കിയിട്ടുണ്ട്. മുകളിലും വശത്തും വൈദ്യുതദീപങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശീവേലി സമയത്ത് ഇരുവശത്തെയും കൽത്തൂണുകളിൽ ഘടിപ്പിച്ച വിളക്കുകളിൽ എണ്ണത്തിരികളും തെളിയിച്ചു. ഇന്ന് തുടങ്ങുന്ന നാലാംമുറ 22ന് സമാപിക്കും. മുറജപത്തോടനുബന്ധിച്ചുള്ള പന്ത്രണ്ട് കളഭം ക്ഷേത്ര തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് ആരംഭിക്കും. ഇത് ജനുവരി എട്ടു വരെയാണ്. പതിവായി നടക്കുന്ന മാർകളി കളഭം തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. 23ന് തുടങ്ങുന്ന അഞ്ചാംമുറ 30നും, 31ന് ആരംഭിക്കുന്ന ആറാംമുറ ജനുവരി 7നും, 8ന് തുടങ്ങുന്ന ഏഴാംമുറ 15നും സമാപിക്കും. മകരസംക്രമ ദിവസമായ ജനുവരി 15നാണ് ലക്ഷദീപം. അന്ന് മകരശീവേലിയും നടക്കും.