വാഷിംഗ്ടൺ: ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ട് തേടി ഡേറ്റിംഗ് പരസ്യം . ബ്ളൂഹിൽസിലെ അദ്ധ്യാപകനായ ക്രിസ് മോറിസ് ആണ് തന്റെ വളർത്തു താറാവിന് പങ്കാളിയെ തേടി പരസ്യം നൽകിയത്. രണ്ടാഴ്ച മുമ്പ് താറാവിന്റെ കൂട്ടാളിയെ ഒരു പൂച്ച കൊന്നുതിന്നു. ഇതോടെ ഒറ്റയ്ക്കായ താറാവ് വളരെയധികം ദുഃഖിതയാണെന്നാണ് ക്രിസ് പരസ്യത്തിൽ പറയുന്നത്.
ബ്ലൂ ഹിൽസിലെ പലച്ചരക്ക് കടയ്ക്ക് മുന്നിലുള്ള ബോർഡിലാണ് ക്രിസ് പരസ്യത്തിന്റെ പോസ്റ്റർ പതിച്ചത്.'പങ്കാളി മരിച്ചതിനാൽ ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ടാളിയെ ആവശ്യമുണ്ട്', എന്നതായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. വെള്ള കടലാസിൽ മഞ്ഞ താറാവിനെ വരച്ച്, ഇമെയിൽ അഡ്രസ് അടക്കം ഉൾപ്പെടുത്തിയുള്ളതായിരുന്നു പരസ്യം നൽകിയത്.
ക്രിസിന്റെ പരസ്യം കണ്ട് നിരവധി പേർ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. ഒടുവിൽ ഫാം ഉടമയായ സാദി ഗ്രീനുമായി കൂടിക്കാഴ്ച നടത്താൻ ക്രിസ് തീരുമാനിച്ചു. ഉടൻതന്നെ തന്റെ താറാവിന് പങ്കാളിയെ കിട്ടുമെന്നാണ് ക്രിസിന്റെ പ്രതീക്ഷ. താറാവിന്റെ പങ്കാളിയുമായി ഫാം ഉടമ എത്തുന്നദിവസം ആഘോഷമാക്കി മാറ്റാനാണ് ക്രിസിന്റെ തീരുമാനം. വളർത്തു താറാവിന്റെ ഇഷ്ടവിഭവമായ മീനിന്റെ വെറൈറ്റികൾ തീൻമേശയിൽ ഒരുക്കാനാണ് തീരുമാനം.