തിരുവനന്തപുരം: ആകാശവാണി ദേശീയ സംഗീതോത്സവത്തിൽ കർണാടക സംഗീതം വിഭാഗത്തിൽ നാടൻ പാട്ടിൽ വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി ആർ.എസ്. സായി പൗർണമിക്ക് ഒന്നാം സ്ഥാനം. പേരൂർക്കട വഴയില എം.ജി നഗർ സായ് പാദത്തിൽ എം. രാധാകൃഷ്ണൻ നായർ, എൻ.എൻ. ശ്രീദേവി ദമ്പതികളുടെ മകളാണ്. തിരുവനന്തപുരം ഗവൺമെന്റ് വനിത കോളേജിലെ റിട്ട. സംഗീത അദ്ധ്യാപിക ഡോ. സുജാതയുടെ കീഴിലാണ് പരിശീലനം. നാടൻ പാട്ടിന് പുറമെ ലളിത ഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപാട്ട്, കവിതാ രചന, മോണോആക്ട്, കഥാ രചന, പ്രസംഗം തുടങ്ങിയവയിലും കഴിവ് തെളിയിച്ച സായി പൗർണമി ആകാശവാണിയിലെ ബി ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ്. 19ന് വൈകിട്ട് 4ന് ചെന്നൈ ആൾ ഇന്ത്യാ റേഡിയോ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും. ചടങ്ങിൽ സമ്മാനാർഹമായ നാടൻ പാട്ട് അവതരിപ്പിക്കാനുള്ള അവസരവും ഉണ്ട്.