തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലും സംഘവും വിദേശത്തേക്ക് പോകാനൊരുങ്ങുന്നു. കേരളത്തിലെ എൻജിനിയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി മാലിദ്വീപിലേക്കാണ് മന്ത്രി പോകുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സാങ്കേതിക സർവകലാശാല പ്രോ വൈസ് ചാൻസലർ, എെ.എ.സി.ടി.ഇ ഡയറക്ടർ, അസാപ്പ് പ്രതിനിധി എന്നിവരുമുണ്ടാകും.
മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും താമസത്തിനുള്ള ചെലവ് സർക്കാർ നൽകുമ്പോൾ മറ്റ് ഉദ്യോഗസ്ഥരുടെ ചെലവ് സാങ്കേതിക സർവകലാശാല, അസാപ്പ്, എെ.എ.സി.ടി.ഇ തുടങ്ങിയ സ്ഥാപനങ്ങളാകും വഹിക്കുക. വിദേശ വിദ്യാർത്ഥികളെത്തിയാൽ സംസ്ഥാനത്തെ കോളേജുകളുടെ റാങ്കിംഗ് ഉയരുമെന്നാണ് വിലയിരുത്തൽ. കൂടാതെ മാലിയുമായുള്ള ബന്ധം ദൃഢമാക്കാനും സന്ദർശനം സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.