മിക്ക സോപ്പുകളും ക്ഷാരം കൂടിയവയാണ്. ക്ഷാരം കൂടിയതോ, അമ്ളം കൂടിയതോ ആയ സോപ്പുകൾ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. മൃദുത്വമേകുന്ന സോപ്പ്, മോയ്‌സ്ചറൈസർ അടങ്ങിയ ബാർ, ഇവ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണ്. എണ്ണ നന്നായി തേച്ചിട്ട് ഇവ ഉപയോഗിച്ച് കുളിക്കുന്നത് മൃതകോശങ്ങളെ നീക്കാനും, പുതിയ കോശങ്ങൾ ഉണ്ടാകാനും സഹായകമാണ്.
കൈകാലുകൾ വിണ്ടുകീറുന്നത് മഞ്ഞുകാലത്തെ മറ്റൊരു പ്രശ്നമാണ്. അതും തൊലി വരളുന്നതു കൊണ്ടാണ്. രാത്രി കിടക്കുന്നതിനു മുമ്പ് പാദങ്ങൾ ചൂടുള്ള ഉപ്പുവെള്ളത്തിൽ 10 - 15 മിനിട്ട് താഴ്‌ത്തിവച്ചശേഷം മിനറൽ ഓയിലോ, മോയ്‌സചറൈസർ അടങ്ങിയ ക്രീമുകളോ പുരട്ടുന്നത് ഗുണകരമാണ്. കൈകൾക്കും അതുപോലെ ചെയ്താൽ പ്രയോജനപ്രദമാണ്. നഖങ്ങളിലും മോയ്‌സ്‌ചറൈസർ പുരട്ടി തിരുമ്മുന്നത് നഖം പൊട്ടുന്നത് തടയും.
മുടിയിഴകളിൽ ക്ഷാരാംശം കൂടുതലുണ്ടെങ്കിൽ മുടി വരളുകയും പൊട്ടുകയും ചെയ്യും.
ലാറത് സൾഫേറ്റ് ഡിറ്റർജന്റ് ഉള്ള ഷാമ്പുകൾ, ഉദാ: ബേബി ഷാംപു, താരതമ്യേന ദോഷം കുറഞ്ഞവയാണ്.
ഇലക്ട്രിക് റോളറുകൾ, പെർമനന്റ് വേവിംഗ്, സ്ട്രെയ്‌റ്റനിംഗ്, സ്മൂത്തനിംഗ് തുടങ്ങിയവ മുടി പൊട്ടാനും കോശങ്ങൾക്ക് ക്ഷതമേൽക്കാനും ഇടയാക്കും. തണുപ്പുകാലത്ത് ഇവ ഒഴിവാക്കുന്നവയാണ് നല്ലത്.
നന്നായി എണ്ണ പുരട്ടിയശേഷം ക്ഷാരഗുണം കുറവുള്ള ഷാംപു ഉപയോഗിച്ച് തലയോട്ടി വൃത്തിയാക്കുന്നതാണ് നല്ലത്. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്യണം.
ചർമ്മത്തിൽ ഏറ്റവും പുറത്തു കാണുന്ന സ്ട്രാറ്റം കോർണിയം എന്ന പാളി മൃതകോശങ്ങളാണ്; തൊലി വരളാതെ നോക്കുകയും അതിന്റെ ശുചിത്വം നന്നായി ശ്രദ്ധിക്കുകയും ചെയ്താൽ ആരോഗ്യമുള്ള ചർമ്മം നമുക്ക് സ്വന്തമാക്കാൻ സാധിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതേ പ്രാധാന്യത്തോടെ ത്വക്ക് സംരക്ഷിക്കുക തന്നെ വേണം.