v

കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ ആത്മഹത്യ ചെയ്ത അലോഷ്യസിന്റെ മൃതദേഹവുമായി ഒരു വിഭഗം നാട്ടുകാർ റോഡ് ഉപരോധിച്ചു. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ഉപരോധമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അഞ്ചുതെങ്ങ് തിട്ടയിൽ വീട്ടിൽ അലോഷ്യസ് (44) ഭാര്യയുമായി പിണങ്ങി കുടുംബ വീട്ടിലായിരുന്നു താമസം. ഇയാളുടെ സഹോദരങ്ങളായ സുനിൽ, ജാക്സൺ, എന്നിവർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ വീട്. ഇവരിൽ സുനിൽ നേരത്തേ മരണപെട്ടിരുന്നു. സുനിലിന്റെ ഭാര്യ ലാലി വിദേശത്താണ്. കുടുംബ വഴക്കിനെ തുടർന്ന് ഇവർ പരാതിയുമായി അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെത്തി. ലാലി നാട്ടിലെത്തി വഴക്ക് പരിഹരിക്കുന്നതുവരെ വീട്ടിൽ ആരും താമസിക്കണ്ടെന്നും അതുവരെ വീട്ടിന്റെ താക്കോൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാനും എസ്.ഐയുടെ മദ്ധ്യസ്ഥതയിൽ തീരുമാനമായതായി പൊലീസ് പറഞ്ഞു. എന്നാൽ വീടില്ലാത്ത അലോഷ്യസ് കടത്തിണ്ണകളിലാണ് ഉറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ മനം നൊന്ത സഹോദരൻ അലോഷ്യസുമായി സ്റ്റേഷനിലെത്തി താക്കോൽ തിരികെ ആവശ്യപെട്ടു. ലാലി കൂടി സമ്മതിച്ചാലേ താക്കോൽ തരാനാകൂ എന്ന് എസ്.ഐ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇതിൽ മനം നൊന്താണ് കുടുംബ വീട്ടിന്റെ ചായ്പ്പിൽ അലോഷ്യസ് തൂങ്ങിമരിച്ചതെന്ന് റോഡ് ഉപരോധിച്ചവർ പറയുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി. സ്ഥലത്തെത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.