തിരുവനന്തപുരം: പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ബിശ്വനാഥ് സിൻഹ മൂന്ന് മാസത്തെ അവധിക്കായി ചീഫ്സെക്രട്ടറി ടോംജോസിന് അപേക്ഷ നൽകി. അപേക്ഷയിൽ മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെയാണ് അപേക്ഷ നൽകിയത്.
സിൻഹയ്ക്കെതിരെ ചില ജൂനിയർ വനിത ഐ.എ.എസ് ഉദ്യോഗസ്ഥർ ഉന്നയിച്ച പരാതികൾ പുറത്തായതോടെയാണ് വിവാദമുണ്ടായത്. തുടർന്ന് പൊതുഭരണവകുപ്പിൽ നിന്ന് മാറ്റിയശേഷം അപ്രധാന വകുപ്പുകളായ സൈനിക ക്ഷേമത്തിന്റെയും പ്രിന്റിംഗിന്റെയും ചുമതല നൽകി. ഒരു ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും രംഗത്തെത്തിയിരുന്നു. എന്നാൽ ഐ.എ.എസുകാരല്ലാത്ത ഉദ്യോഗസ്ഥകളുടെ ആക്ഷേപങ്ങളുമുണ്ടെന്നാണ് സെക്രട്ടേറിയറ്റിലെ അടക്കം പറച്ചിൽ.
അതേസമയം ഐ.എ.എസ് ഉദ്യോഗസ്ഥരുൾപ്പെടെ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യാത്ത ജീവനക്കാർക്കെതിരെ കർശന നിലപാടെടുത്ത സിൻഹയ്‌ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇതും ഇപ്പോഴത്തെ വിവാദങ്ങൾ കൊഴുപ്പിക്കാൻ വഴിയൊരുക്കിയെന്നും സംസാരമുണ്ട്. സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് കർശനമാക്കിയതും, പഞ്ചിംഗും ശമ്പളവുമായി ബന്ധിപ്പിച്ചതും സെക്രട്ടേറിയറ്റിലെ ഭരണാനുകൂല ജീവനക്കാരുടെ സംഘടനയുടേതടക്കം എതിർപ്പിനിടയാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പൂർണപിന്തുണയോടെ ഫയൽ നീക്കം വേഗത്തിലാക്കാനുള്ള നടപടികൾ സിൻഹ സ്വീകരിക്കുകയായിരുന്നു.
മുമ്പും പരാതികളുയർന്നപ്പോൾ പൊതുഭരണവകുപ്പിൽ നിന്ന് ബിശ്വനാഥ് സിൻഹയെ മാറ്റിയിരുന്നു. അന്ന് പാർലമെന്ററികാര്യ വകുപ്പിലേക്ക് മാറ്റുകയും പിന്നീട് കൂടുതൽ ശക്തനായി പൊതുഭരണവകുപ്പിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.