road

തിരുവനന്തപുരം: നഗരങ്ങളിലെ പ്രധാന റോഡുകളിലെ കുഴികൾ 15 ദിവസത്തിനകം അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് അതിവേഗ ദൗത്യം തുടങ്ങി. അറ്റകുറ്റപ്പണികൾക്കായി 700 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

ഒരു വർഷമെങ്കിലും നിലനിൽക്കുന്ന തരത്തിലാവും അറ്റകുറ്റപ്പണി. സ്ഥിരം കുഴിയാവുന്നിടങ്ങളിൽ ഇന്റർലോക്ക് ടൈൽ വിരിക്കും. കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ യുവാവ് ലോറികയറി മരിച്ച സംഭവത്തിൽ ഹൈക്കോടതി കടുത്ത വിമർശനമുന്നയിക്കുകയും മരിച്ച യദുലാലിന്റെ കുടുംബത്തോട് മാപ്പുപറയുകയും ചെയ്തിരുന്നു. തുടർന്നാണ് അറ്റകുറ്റപ്പണി വേഗത്തിലാക്കിയത്.

സംസ്ഥാനത്ത് 34,000കിലോമീറ്റർ പൊതുമരാമത്ത് റോഡുണ്ട്. ഇതിൽ 6200 കിലോ മീറ്ററെങ്കിലും തകർച്ചയിലാണ്. ഒരു കിലോമീറ്റർ റോഡ് പുതുക്കിപ്പണിയാൻ 50 ലക്ഷം രൂപ വേണം. ലഭിച്ച 700 കോടി പുതുക്കിപ്പണിയാൻ തികയില്ല. അതിനാലാണ് മികച്ച നിലവാരത്തിൽ കുഴികൾ അടയ്ക്കുന്നത്.

മൂന്നര മീറ്റർ വീതിയുള്ള പഞ്ചായത്ത് റോ‌ഡുകൾ ഏറ്റെടുത്തതിലൂടെ കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ എൻജിനിയർമാർക്ക് വൻ ജോലിഭാരമാണെന്ന് മരാമത്ത്‌ വകുപ്പ് പറയുന്നു. ഇടുക്കിയിൽ ഒരു അസി.എൻജിനിയർക്ക് 600 കിലോമീറ്റർ റോഡിന്റെ ചുമതലയുണ്ട്. മറ്റ് രണ്ടിടത്തും 400 കിലോമീറ്റർ വരെ മേൽനോട്ടം വഹിക്കണം.

പ്രശ്‌നങ്ങൾ രണ്ട്

1. കരാറുകാരില്ല

മിക്കയിടത്തും പണികൾ കരാറുകാർ ഏറ്റെടുക്കുന്നില്ല. അറ്റകുറ്റപ്പണിയിൽ കാര്യമായ ലാഭമില്ലെന്നതാണ് കാരണം. പ്രധാനപണികൾ പലതും ടെൻഡറാകാതെ കിടക്കുന്നു.

2. പാറയും മെറ്റലുമില്ല

ക്വാറികൾ പൂട്ടിക്കിടക്കുന്നതിനാൽ മെറ്റലും പാറയും കിട്ടാനില്ല. ഇടുക്കി, വയനാട് ജില്ലകളിൽ വിദൂരസ്ഥലങ്ങളിൽ നിന്നാണ് എത്തിക്കേണ്ടത്. അതിനാൽ ചെലവ് കൂടും.

വെട്ടിപ്പൊളിക്കും മുമ്പ്

 റോഡ് വെട്ടിമുറിക്കാൻ അസി.എൻജിനിയർക്ക് കത്ത് നൽകി അനുമതി നേടിയിരിക്കണം

 ടാറിട്ട ഭാഗം മുറിക്കാതെ വശങ്ങളിൽ പൈപ്പിടാനാവുമെങ്കിൽ അങ്ങനെ ചെയ്യണം

 അടിയന്തര സാഹചര്യത്തിൽ മരാമത്ത് അസി.എൻജിനിയറെ അറിയിച്ച് പണി നടത്താം

 പിന്നീട് അപേക്ഷ നൽകി പണം കെട്ടിവച്ചാൽ മതി. മഴക്കാലത്ത് റോഡ് പൊളിക്കരുത്

 ജലവിഭവം, മരാമത്ത് എൻജിനിയർമാരുടെ മേൽനോട്ടത്തിലായിരിക്കണം പൊളിക്കൽ

 നിർദ്ദേശം പാലിക്കാത്ത കരാറുകാരന്റെ ലൈസൻസ് റദ്ദാക്കും, ഉദ്യോഗസ്ഥനെതിരെ നടപടി