വക്കം: ഭീഷണിയായി ബിവറേജ് ഔട്ട്ലറ്റും, കാടുകയറിയ കളിസ്ഥലവും. നാനൂറോളം കുട്ടികൾ പഠിക്കുന്ന നിലയ്ക്കാമുക്ക് ഗവൺമെന്റ് യു.പി സ്കൂളിനാണീ ദുർഗതി. സ്കൂൾ മതിലിനോട് ചേർന്നാണ് ബിവറേജ് ഔട്ട്ലറ്റ് പ്രവർത്തിക്കുന്നത്. മദ്യം വാങ്ങുന്നവർക്കായ് ഏർപ്പെടുത്തിയ ഷെൽട്ടർ സ്കൂൾ മതിലിലും.
മദ്യം വാങ്ങാൻ ക്യൂവിൽ നിൽക്കുന്നവരെ സ്കൂളിലുള്ളവർക്ക് കാണാം, പിന്നെ കുടിച്ച് ലക്കുക്കെട്ടവരുടെ വികൃതിയും. മതിലിനോട് ചേർന്നുള്ള ഒരേക്കറോളമുള്ള കളിസ്ഥലം കാടു കയറിയിട്ട് വർഷങ്ങളായി. പാമ്പുകളടക്കമുള്ള ക്ഷുദ്രജീവികളുടെ ആവാസ കേന്ദ്രമാണ് ഇന്ന് ഗ്രൗണ്ട്. കാട് വെട്ടി തെളിക്കണമെന്ന സ്കൂൾ അധികൃതരുടെ ആവശ്യം വക്കം ഗ്രാമ പഞ്ചായത്ത് കേട്ടമട്ടില്ല.
ഒടുവിൽ പാലക്കാട്ട് ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലം നിരാശതന്നെ. ഇതിനെല്ലാം പുറമേ ബിവറേജിൽ നിന്നുള്ള ഒഴിഞ്ഞ മദ്യ കുപ്പിയടക്കമുള്ള മാലിന്യം തള്ളലും, വ്യാപകമായി.ഈ മേഖലയിൽ പകൽ വെളിച്ചത്തിൽ പോലും കടന്നു ചെന്നാൽ ഭീതി പരത്തുന്ന അന്തരീക്ഷമാണ് നിലവിലുള്ളത്. സ്കൂൾ പ്രവൃത്തിദിവസങ്ങളിലെ ഇടവേളകളിൽ മദ്യപർ വലിച്ചെറിയുന്ന ഒഴിഞ്ഞ മദ്യ കുപ്പികളിലെ വീര്യവും തേടി കുട്ടികൾ എത്താറുണ്ടത്രെ. സ്കൂൾ ഗ്രൗണ്ടിൽ പകൽ സമയങ്ങളിൽ ചിലപ്പോൾ സംഘം ചേർന്നുള്ള മദ്യപാനവും നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻ നിറുത്തി പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.