തിരുവനന്തപുരം: ആധുനിക ലോകത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കുന്നതിന് ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് നാഗാലാൻഡ് ഗവർണർ ആർ.എൻ. രവി പറഞ്ഞു. പൊലീസ് ട്രെയിനിംഗ് കോളേജിൽ കേരള പൊലീസ് സംഘടിപ്പിച്ച പെർഫോമൻസ് ഇന്നവേഷൻ ത്രൂ ടെക്നോളജി എന്ന പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്തെ സുരക്ഷാഭീഷണികൾ നേരിട്ട് ഉള്ളതല്ല. സൈബർ ലോകത്തെ സുരക്ഷാഭീഷണികളുടെ പിറകിലാരാണെന്നത് കണ്ടുപിടിക്കുന്നത് വൻ വെല്ലുവിളിയാണ്. ലോകത്തിന്റെ ഏതുഭാഗത്തു നടക്കുന്ന ഭീകരപ്രവർത്തനമായാലും അതിന്റെ അലയൊലികൾ ഇന്ത്യയിലും ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നാം കരുതിയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഗാലാൻഡ് ഗവർണറായി ചുമതലയേറ്ര ശേഷം ആദ്യമായാണ് കേരളത്തിലെത്തുന്നത്. കേരള കേഡറിൽ 76 ബാച്ചിലെ ഓഫീസറായ അദ്ദേഹം ഐ.ബി മേധാവിയായും ദേശീയ സുരക്ഷ സഹ ഉപദേഷ്ടാവായും നാഗാ ചർച്ചകൾക്കുള്ള ഇടനിലക്കാരനായും പ്രവർത്തിച്ചിരുന്നു. ഡി.ജി.പി ലോക് നാഥ് ബെഹ്റ, മുൻ ഡി.ജി.പിമാരായ എ.വി. സുബ്ബറാവു, കെ. സുകുമാരൻ നായർ, പി.കെ. ഹോർമിസ് തരകൻ, കെ.പി. സോമരാജൻ, രമൺ ശ്രീവാസ്തവ, രാജേഷ് ദിവാൻ എന്നിവർ പങ്കെടുത്തു.