വിതുര: മലയോര മേഖലയിൽ പകർച്ചപ്പനിയുടെ താണ്ഡവം. കടുത്ത ചുമ, പനി, ജലദോഷം, തുമ്മൽ, ശ്വാസംമുട്ടൽ, തലവേദന, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുമായി നിരവധി രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സതേടി എത്തുന്നത്. വിതുര ഗവ. താലൂക്ക് ആശുപത്രി, തൊളിക്കോട് ഗവ. ആശുപത്രി, മലയടി പി.എച്ച് സെന്റർ, ആര്യനാട്, പെരിങ്ങമ്മല എന്നിവിടങ്ങളിൽ പനി ബാധിച്ചെത്തുന്നവരുടെ തിരക്ക് വർദ്ധിക്കുകയാണ്. ഒരു മാസമായി ഇതാണ് അവസ്ഥ. ആയുർവേദ - സ്വകാര്യആശുപത്രികളിലെ അവസ്ഥയും വ്യത്യസ്ഥമല്ല. വിതുര താലൂക്ക് ആശുപത്രി പനിബാധിതരാൽ നിറഞ്ഞിരിക്കുകയാണ്. അസുഖം മൂർച്ഛിച്ച നിരവധി പേരെ മെഡിക്കൽകോളജ് ആശുപത്രിയിലേക്കും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും റഫർ ചെയ്തിട്ടുണ്ട് . ഇതിനിടയിൽ തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട് സ്വദേശിയായ ഒരു വിദ്യാർത്ഥിക്ക് ഡിഫ്തീരിയയും ബാധിച്ചിരുന്നു.പനി വിദ്യാർത്ഥികൾക്കിടയിലും വ്യാപകമായിട്ടുണ്ട്. സ്കൂളുകളിൽ ഹാജർ നില ഗണ്യമായി കുറഞ്ഞു. കാലാവസ്ഥയിലെ വ്യതിയാനമാണ് പനിക്ക് ഹേതുവെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. സ്ഥിതി ഗതിഗതികൾ നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

മലയോരമേഖലയിലെ ആദിവാസി ഉൗരുകളിലും പനി വ്യാപിച്ചിരിക്കുകയാണ്. കടുത്ത പനി ബാധിച്ച നിരവധി പേർ ആദിവാസി കോളനികളിൽ ചികിത്സ ലഭിക്കാതെ കഴിയുകയാണെന്ന് റിപ്പോർട്ടുണ്ട്. തോട്ടം മേഖലകളിലെ അവസ്ഥയും വ്യത്യസ്തമല്ല. ആദിവാസി, തോട്ടം മേഖലകളിൽ അടിയന്തരമായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് മരുന്നുകൾ വിതരണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് വിതുര,തൊളിക്കോട്,ആനാട് പഞ്ചായത്തുകളിൽ നിന്നായി ആയിരങ്ങൾ ചികിത്സ തേടിയെത്തുന്ന വിതുര ഗവ. താലൂക്ക് ആശുപത്രിയുടെ അസുഖം പൂർണമായും ഭേദമാക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. രണ്ടുവർഷം മുൻപ് വിതുര സി.എച്ച്.സിയെ താലൂക്ക് പദവിയിലേക്ക് ഉയർത്തിയിരുന്നു. ഇതിന് ശേഷം ആശുപത്രിയുടെ നിയന്ത്രണം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങൾ നടന്നു വരികയാണ്. ആശുപത്രിക്കായി പുതിയ മൂന്ന് നില മന്ദിരവും നിർമ്മിക്കുന്നുണ്ട്. അതേസമയം ഡോക്ടർമാരുടെയും സ്റ്റാഫ് നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവുണ്ട്. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് ജീവനക്കാരുടെ അഭാവം തടസമാണ്.