തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടർസമരം ആലോചിക്കാനായി നാളെ ഉച്ച കഴിഞ്ഞ് ചേരുന്ന അടിയന്തര യു.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിലെ വിഴുപ്പലക്കലും ചർച്ചയായേക്കും.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തയ്യാറെടുപ്പിലേക്ക് നീങ്ങേണ്ട സമയത്ത് ജോസഫ്, ജോസ് വിഭാഗങ്ങൾ പരസ്യ വിഴുപ്പലക്കലുകൾ തുടരുന്നതിൽ യു.ഡി.എഫ് നേതൃത്വം അസ്വസ്ഥമാണ്. പല തവണ മുന്നറിയിപ്പു നൽകിയിട്ടും ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ തർക്കപരിഹാരത്തിന് എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ.
ഒന്നുകിൽ ഇരുവിഭാഗങ്ങളും ഒരുമിച്ച് നീങ്ങുക, അല്ലെങ്കിൽ വെവ്വേറെ പാർട്ടികളായി മുന്നണിയിൽ തുടരുക എന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഒരുമിച്ചു കൊണ്ടുപോകാനുള്ള ഇടപെടലുകൾക്കായി സഭാ നേതൃത്വത്തിന്റെയടക്കം പിന്തുണ തേടാനും യു.ഡി.എഫ് ആലോചിക്കുന്നു.
പൗരത്വ ബില്ലിനെതിരെ സുപ്രീംകോടതിയിൽ കക്ഷി ചേരുന്നതടക്കമുള്ള കാര്യങ്ങൾ നാളെ ചർച്ച ചെയ്തേക്കും.
എൽ.ഡി.എഫും നാളെ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരപരിപാടികൾ ശക്തമാക്കാൻ ഇടതുമുന്നണി യോഗവും നാളെ ചേരുന്നുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും സംയുക്തമായി നാളെ രാവിലെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സത്യഗ്രഹ സമരം ആസൂത്രണം ചെയ്തിട്ടുണ്ട്.