taluk

ചിറയിൻകീഴ്: താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി ഒ.പിയിൽ മതിയായ ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ഉച്ചയ്ക്ക് ഒരു മണിമുതൽ 8 മണിവരെയുള്ള ഷിഫ്റ്റിലും രാത്രി 8 മണി കഴിഞ്ഞുള്ള ഷിഫ്റ്റിലും ഡോക്ടർമാർ വളരെ കുറവാണ്. ഈ സമയത്ത് എത്തുന്ന രോഗികളുടെ അവസ്ഥയാണ് ഏറെ ദയനീയം. എമർജൻസി കേസുകളോ പൊലീസ് കേസുകളോ വന്നാൽ ഡ്യൂട്ടിഡോക്ടർ അതിന്റെ പിന്നാലെ പോകും. അപ്പോൾ ക്യൂവിൽ നിൽക്കുന്നവർ അധിക നേരം കാത്ത്നിൽക്കേണ്ടി വരും. രാത്രി

എത്തുന്നരോഗികൾ ഇത്തരത്തിൽ ക്യൂവിൽ തുടരുമ്പോൾ ദേഹം തളർന്ന് വീഴുന്നത് പതിവാകുകയാണ്.

ക്യൂ അനന്തമായി നീളുമ്പോൾ സഹികെട്ട് സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോകുന്നവരുമുണ്ട്.

സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ബുദ്ധിമുട്ടുന്നത്. തുടർന്ന് ആശുപത്രി ജീവനക്കാരും രോഗികളുടെ ബന്ധുക്കളും തമ്മിലുള്ള തർക്കങ്ങളും പതിവാണ്. രാത്രിയിൽ ഒന്നിലധികം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയോ അല്ലെങ്കിൽ രാത്രി 8ന് അവസാനിക്കുന്ന ഡോക്ടറുടെ സേവനം രണ്ട് മണിക്കൂർ കൂടി ദീർഘിപ്പിക്കുകയോ ചെയ്താൽ ഒരു പരിധിവരെ പരിഹാരം കാണാമെന്നാണ് രോഗികളുടെ അഭിപ്രായം.