കല്ലമ്പലം: സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിലുള്ള മത്സര ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. നാവായിക്കുളം ആനക്കാട് വീട്ടിൽ സിന്ധു (44), പനപ്പാംകുന്ന്‍ എൽ.പി.എസിന് സമീപം കൃപയിൽ വിലാസിനി (50), ബസ് ഡ്രൈവർ ബിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10ഓടെ പനപ്പാംകുന്ന് കൃഷ്‌ണൻകുന്ന്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. ചടയമംഗലം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിലുള്ള മത്സര ഓട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ബസിൽ യാത്രക്കാർ കുറവായതിനാൽ വൻദുരന്തം ഒഴിവായി. കൃഷ്ണൻകുന്ന്‍ ക്ഷേത്രത്തിന് സമീപത്തെ ഇറക്കത്തുവച്ച് നിയന്ത്രണംവിട്ട ബസ് സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ചുതകർത്ത ശേഷം മരത്തിൽ ഇടിച്ചാണ് മറിഞ്ഞത്. ബസ് മറിഞ്ഞെന്ന വാർത്ത പരന്നതോടെ ജനങ്ങൾ തടിച്ചുകൂടി. വിവിധ സ്റ്റേഷനുകളിൽ നിന്ന് പൊലീസ് വാഹനങ്ങളും ആംബുലൻസുകളും പാഞ്ഞെത്തി. നാട്ടുകാരും പൊലീസും ചേർന്നാണ് ബസിനുള്ളിലുണ്ടായിരുന്നവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പള്ളിക്കൽ പൊലീസ് കേസെടുത്തു.