ddd

നെയ്യാറ്റിൻകര: പിന്നാക്ക - ദളിത് ഭൂരിപക്ഷം ഇന്നും സംസ്ഥാനത്ത് ജീവിക്കാൻ മതിയായ സൗകര്യമില്ലാത്തവരാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം നെയ്യാറ്റിൻകര യൂണിയന്റെ ആഭിമുഖ്യത്തിൽ അമരവിള ദേവികാ ഓഡിറ്റോറിയത്തിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർ. ശങ്കറിന് ശേഷമുണ്ടായിട്ടുള്ള ഒരു മന്ത്രിസഭയിലും സാമുദായിക പ്രാതിനിധ്യം അനുസരിച്ച് ഈഴവ സമുദായത്തിന് അംഗീകാരം ലഭിച്ചിട്ടില്ല. എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ വരുന്നത് ഇതേ സമുദായത്തിൽ ഉള്ളവരാണ്. മാവേലിക്കര കോടതിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി കേസ് നടക്കുന്ന സാഹചര്യത്തിൽ അതിൽ ഉൾപ്പെട്ടവർ യോഗം ജനറൽ സെക്രട്ടറിയെ കുറ്റം പറയുന്നത് മനപൂർവമാണ്. പത്ര, ദൃശ്യ മാദ്ധ്യമങ്ങളെയും സോഷ്യൽ മീഡിയയേയും ഇതിനായി അവർ ഉപയോഗിക്കുന്നു.

കേരളത്തിലെ ചില പ്രമുഖ പത്രങ്ങൾ എനിക്കെതിരെ ഒരു പാടെഴുതി. പക്ഷേ കേരളകൗമുദി മാത്രമാണ് സത്യസന്ധമായി വാർത്തകൾ പ്രസിദ്ധീകരിച്ചത്. എനിക്കും യോഗത്തിനും അതു മതി- വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ്കുമാർ അദ്ധ്യക്ഷനായിരുന്നു. നെയ്യാറ്റിൻകര യൂണിയൻ പരിധിയിൽ ഉൾപ്പെട്ട നാല്പത്തിരണ്ട് ശാഖകളിൽ നിന്നായി അറുന്നൂറേലെപ്പേർ ക്യാമ്പിൽ പങ്കെടുത്തു.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൗൺസിലർ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു. യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്.കെ. അശോക്‌കുമാർ, സി.കെ. സുരേഷ്‌കുമാ‌ർ, എസ്.എൻ. ട്രസ്റ്റ് ബോർഡ‌് അംഗം വൈ.എസ്. കുമാ‌ർ, യൂണിയൻ കൗൺസിലർമാരായ കള്ളിക്കാട് ശ്രീനിവാസൻ, കെ. ഉദയകുമാ‌ർ, കുട്ടമല മുകുന്ദൻ, മാരായമുട്ടം സജിത്, മൈലച്ചൽ പ്രകാശ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ഇളവനിക്കര എസ്.എൽ. ബിനു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഉഷാ ശിശുപാലൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബ്രജേഷ്‌കുമാ‌ർ, ദിലീപ്കുമാ‌ർ, ഇടത്തല ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺചന്ദ്രൻ നന്ദി പറഞ്ഞു.