തിരുവനന്തപുരം: നികുതി പിരിവ് കുറയുന്നത് ചെക് പോസ്റ്രുകൾ ഇല്ലാത്തതുകൊണ്ടാണെന്ന് വിലയിരുത്തലിൽ, നേരത്തെ വാണിജ്യ നികുതി ചെക് പോസ്റ്രുകൾ ഉണ്ടായിരുന്നിടത്തെല്ലാം നിരീക്ഷണ കാമറ സ്ഥാപിക്കാൻ തീരുമാനം. ഇതിനുള്ള ചുമതല സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ കോ- ഓപ്പറേറ്രീവ് സൊസൈറ്രിക്ക് നൽകിക്കഴിഞ്ഞു.
നിറുത്തലാക്കിയ 89 ചെക്പോസ്റ്റുകളിൽ കാമറ വയ്ക്കാനുള്ള നീക്കം രണ്ടു വർഷമായി ഉണ്ടായിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. അതാണ് ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 2017-18 ലെ ബഡ്ജറ്രിലാണ് ഈ നിർദ്ദേശം ആദ്യമുണ്ടായത്. ജി.എസ്.ടി നിലവിൽ വന്നതോടെ രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം വന്നതിനാൽ സംസ്ഥാന അതിർത്തികളിലെ ചെക് പോസ്റ്രുകൾ നിറുത്തലാക്കുകയായിരുന്നു. എന്നാൽ വലിയ ലാഭവും ചെറിയ ഇൻപുട്ട് ടാക്സ് ക്രെഡിറ്രുമുള്ള ഉത്പന്നങ്ങൾ ബിൽ രേഖകളില്ലാതെ വില്പനയ്ക്കായി കടത്തിക്കൊണ്ടു വരുന്നത് തടയാൻ നിരീക്ഷണ കാമറകൾ വയ്ക്കാൻ ധനമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.
കാമറയിൽ പതിഞ്ഞ വാഹന നമ്പറുകൾ പരിശോധിച്ച്, ഇ- വേ ബില്ലില്ലാതെയാണോ വാഹനം വന്നതെന്ന് അറിയാനാകും. ഈ വാഹനങ്ങൾ പിന്നീട് സ്ക്വാഡുകളെ ഉപയോഗിച്ച് കണ്ടെത്തും. പാലക്കാട് ജില്ലയിൽ 18 ചെക് പോസ്റ്രുകൾ ഉണ്ടായിരുന്നിടത്തായിരുന്നു ആദ്യഘട്ട കാമറാ പരീക്ഷണം. ഇതിന് ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ നികുതി കമ്മിഷണറേറ്രിന്റെ എതിർപ്പിനെ തുടർന്ന് ഇത് വേണ്ടെന്നുവച്ചു.
ഇപ്പോൾ ജോയിന്റ് കമ്മിഷണർ ഇമ്പശേഖരനെയാണ് കാമറകൾ സ്ഥാപിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം അനുകൂല റിപ്പോർട്ട് നൽകിയതോടെ കാമറ വരുമെന്ന് ഉറപ്പായി. അതേസമയം, നിരീക്ഷണ കാമറ കൊണ്ട് പ്രത്യേകിച്ച് നേട്ടമില്ലെന്ന് ജി.എസ്.ടി കമ്മിഷണർ പറയുന്നു.
ഇ- വേ ബിൽ തീരെ ഒഴിവാക്കിയല്ല, ചരക്കിന്റെ അളവ് കുറച്ചുകാണിച്ചോ ബില്ലിൽ രേഖപ്പെടുത്താത്ത സാധനങ്ങൾ കൂടി കടത്തിയോ ആണ് തട്ടിപ്പ്. അത് ഒഴിവാക്കാൻ എക്സൈസ്, മോട്ടോർ വാഹന നികുതി വകുപ്പ് ചെക് പോസ്റ്രുകളുമായി സഹകരിച്ച് വെയ് ബ്രിഡ്ജ് കൂടി സ്ഥാപിച്ച് അളവിലെ വ്യത്യാസം കണ്ടുപിടിക്കാം. അതില്ലാതെ കാമറ സ്ഥാപിക്കുന്നത് കോടികളുടെ ധൂർത്തിനേ വഴിവയ്ക്കൂ എന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.